NEWS

എക്സൈസ് ഉദ്യോഗസ്ഥർക്ക് കടുത്ത താക്കീതുമായി മന്ത്രി എം. ലിജു

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള നിരവധി പരാതികൾ തന്റെ മുന്നിലുണ്ടെന്നും സംവിധാനത്തിന് കുഴപ്പമില്ലാത്തവിധത്തിലേ മുന്നോട്ടു പോകാൻ കഴിയൂ എന്നും എക്സൈസ് മന്ത്രി എം.ലിജു മുന്നറിയിപ്പ് നൽകി.

എക്‌സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം” പദ്ധതിയുടെ ഭാഗമായുള്ള ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥർ ബാറിൽ പോയി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നതായി ബാർ ഉടമകൾ പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയർന്നതലത്തിലുള്ളവർക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥർ. ഇതൊക്കെ ശരിയാണോ? അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആർക്കും ഇല്ല. ഇത്ര കെയ്സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല. അത്തരം സംഭവങ്ങളുണ്ടായാൽ ഷൂട്ട് ചെയ്തോളാൻ ബാറുടമകളോട് പറഞ്ഞിട്ടുണ്ട്.

പ്രവർത്തനങ്ങൾ അഴിമതി രഹിതമാവണമെന്ന് വീണ്ടും ആവർത്തിക്കുകയാണ്. പുലർച്ചെ അഞ്ച് മണിക്ക് ബാറുകൾ പലേടത്തും തുറന്നുപ്രവർത്തിക്കുന്നുണ്ട്. എക്സൈസ് അറിയാതെ അത് സാദ്ധ്യമാവുമോ എന്നും മന്ത്രി ചോദിച്ചു.

എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു അദ്ധ്യക്ഷത വഹിച്ചു. പരിശോധനയ്ക്കായുള്ള നാല് പ്രത്യേകതരം കിറ്റുകളാണ് കൈമാറിയത്. കേസുകൾ കണ്ടെത്തുന്ന വേളയിൽ പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കളിൽ കൊക്കെയ്ൻ, മെത്താംഫെറ്റാമിൻ, ഒപ്യം, മോർഫിൻ, കോഡീൻ, ഹെറോയിൻ, മെസ്‌കലൈൻ, ഹാഷിഷ് ഓയിൽ, മെത്താക്വലോൺ തുടങ്ങിയ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായാണ് ഒന്ന് രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കിറ്റ്, കെറ്റാമിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനും മൂന്നാമത്തേത് മയക്കുമരുന്നുകളുടെ അനധികൃത നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രീകഴ്സർ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുമാണ്. ഉമിനീർ അധിഷ്ഠിതമായ 8ഇൻ1 മൾട്ടിഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റാണ് മറ്റൊന്ന്.

Read News ⏭️

Back to top button