NEWS

കുറ്റിപ്പുറം ബസ് അപകടം: അപകടകാരണം വെള്ളപ്പാളി എന്നു പ്രാഥമിക നിഗമനം; മറ്റു കാരണങ്ങളുണ്ടോ എന്നും പരിശോധിക്കും


കുറ്റിപ്പുറം ∙ ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം അക്വാ പ്ലെയ്നിങ് ആണെന്ന് പ്രാഥമിക നിഗമനം. അമിതവേഗം ഉൾപ്പെടെ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അറിയാനായി പരിശോധന തുടരുന്നു. മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ടയറിനും റോഡിനുമിടയിൽ വെള്ളപ്പാളി രൂപപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനെയാണ് അക്വാ പ്ലെയ്നിങ് എന്ന് പറയുന്നത്. മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ അപകടത്തിൽപെട്ട ബസ് പരിശോധിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ടി.പി.യൂസഫ്, ഡിവൈഎസ്പി സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയത്.മറ്റു കണ്ടെത്തലുകൾ ∙ വാഹനത്തിന്റെ ചക്രങ്ങൾക്ക് വലിയ തരാറുകളൊന്നുമില്ലെന്നും സാധാരണ രീതിയിൽ ഉപയോഗിക്കാവുന്ന അവസ്ഥയിലായിരുന്നെന്നും പ്രാഥമികമായി കണ്ടെത്തി. ∙ ദൃശ്യങ്ങൾ പരിശോധിച്ച് വേഗം കണക്കാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടം നടന്ന മേഖലയിൽ മണിക്കൂറിൽ 50 കിലോമീറ്റർ മാത്രമാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിട്ടുള്ള വേഗപരിധി. ∙ വാഹനത്തിൽ വേഗപ്പൂട്ട് ഉണ്ടായിരുന്നെന്ന് കണ്ടെത്തി. എന്നാൽ ഇത് കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.


Fashion ⏭️

Back to top button