NEWS
ഒരു ലക്ഷം രൂപ വരുമാനമുള്ള കെഎസ്ആർടിസി സർവീസിനും ഗതിയില്ല; ഇപ്പോൾ ഓട്ടം വാടക വണ്ടി തേടി

തിരുവനന്തപുരം ∙ ഓണക്കാല സർവീസിനായി പുതിയ ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ശ്രമിക്കുന്നത് സ്വന്തം ബസുകൾ വർക്ഷോപ്പിൽ തുടരുന്നതിനിടെ. ഏറ്റവും കൂടുതൽ വരുമാനമുള്ള വോൾവോ ബസുകൾ പോലും കൃത്യമായി അറ്റകുറ്റപ്പണി നടത്തി ഓടിക്കുന്നില്ലെന്നാണു പരാതി. കണിയാപുരം ഡിപ്പോ ഓടിക്കുന്ന ബെംഗളൂരു ഗജരാജ് സർവീസിലെ ഒരു ബസ് അപകടത്തിൽപ്പെട്ട് 6 മാസം കഴിഞ്ഞിട്ടും തിരികെ സർവീസിന് എത്തിച്ചിട്ടില്ല. ബെംഗളൂരുവിലെ വർക്ഷോപ്പിലാണ് ഈ ബസ്.ഒരു ബസ് മാത്രമായതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ ബെംഗളൂരു സർവീസുള്ളത്. എല്ലാ ദിവസവും സർവീസ് ഇല്ലാത്തതോടെ സ്ഥിരം യാത്രക്കാരും ബസിനെ കൈവിട്ടു. ഒരു ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചിരുന്ന സർവീസിനാണ് ഈ അവസ്ഥ. എറണാകുളം ഡിപ്പോയിലും ബെംഗളൂരു സർവീസ് നടത്തിയിരുന്ന വോൾവോ ബസുകളിൽ ചിലത് ഓടുന്നില്ല.
Fashion ⏭️


