NEWS
സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

പത്തനംതിട്ട ∙ ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് മറുനാടൻ മലയാളികൾക്കു നാട്ടിൽ എത്താൻ സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കം പാളി. സൂപ്പർ ക്ലാസ് ബസുകൾ സ്വന്തമായി വാങ്ങാൻ പണമില്ലാത്തതിനാൽ 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും തുടർ നടപടികളായില്ല. ഓണക്കാലത്തെ പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള പഴയ ബസുകൾ ഉപയോഗിച്ചാണ് അധിക സർവീസ്.ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷം എന്നിവയുടെ വലിയ തിരക്കു പരിഗണിച്ചു സംസ്ഥാനാന്തര സർവീസ് നടത്താൻ 6 മാസത്തേക്ക് 7 തരത്തിലുള്ള എസി ബസുകൾ വാടകയ്ക്ക് എടുക്കാനാണ് കഴിഞ്ഞ മാസം ടെൻഡർ ക്ഷണിച്ചത്. ഇത് നടപ്പാക്കാൻ കഴിയാതെ വന്നതോടെ ഓണക്കാലത്തെ വലിയ തിരക്കിന് അനുസരിച്ച് സർവീസ് നടത്താൻ വിവിധ ഡിപ്പോകളിൽ നിന്നു ബസുകൾ പ്രധാന ഡിപ്പോകളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം. ശബരിമല മണ്ഡല മകരവിളക്കു തീർഥാടനത്തിന് 600 സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള മറ്റൊരു കരാറും കെഎസ്ആർടിസി ക്ഷണിച്ചിട്ടുണ്ട്.
Fashion ⏭️


