NEWS
ശ്രീലങ്കയിൽ 150 കോടി രൂപ സമാഹരിച്ച് മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ഏഷ്യ അസറ്റ് ഫിനാൻസ്

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ഏഷ്യ അസറ്റ് ഫിനാൻസ് പിഎൽസി 2026-ലെ റൈറ്റ്സ് ഇഷ്യു വിജയകരമായി പൂർത്തിയാക്കി 150 കോടി ശ്രീലങ്കൻ രൂപ സമാഹരിച്ചു. ഇഷ്യൂവിന് 1.3 മടങ്ങ് അധിക അപേക്ഷകളാണ് ലഭിച്ചത്. ഓഹരിയുടമകളുടെ മികച്ച പങ്കാളിത്തം വ്യക്തമാക്കുന്ന ഈ നേട്ടം ശ്രീലങ്കയിലെ കമ്പനിയുടെ ബിസിനസ്സ് വളർച്ചയ്ക്ക് ആവശ്യമായ മൂലധനം നൽകുമെന്നും മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. ഈ റൈറ്റ്സ് ഇഷ്യുവിൽ 45,162,012 സാധാരണ വോട്ടിങ് ഓഹരികളാണ് ഉൾപ്പെട്ടിരുന്നത്. ഇതുവഴി മൊത്തം 150.39 കോടി ശ്രീലങ്കൻ രൂപ സമാഹരിച്ചു. പുതിയ ഓഹരികൾ 2026 സെപ്റ്റംബർ 14ന് കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വായ്പാ പോർട്ട്ഫോളിയോ 51 ശതമാനം വാർഷിക വളർച്ചയോടെ 5,270 കോടി ശ്രീലങ്കൻ രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിലിത് 3,492 കോടി ശ്രീലങ്കൻ രൂപയായിരുന്നു. മൊത്തം വരുമാനം 72 ശതമാനം വർധിച്ച് 357 കോടി ശ്രീലങ്കൻ രൂപയായി. മുൻവർഷം ഇതേ കാലയളവിലിത് 207 കോടി ശ്രീലങ്കൻ രൂപയായിരുന്നു. അറ്റാദായം 137 ശതമാനം വർധിച്ച് 43 കോടി ശ്രീലങ്കൻ രൂപയായും ഉയർന്നു. മുൻവർഷം ഇതേ കാലയളവിലിത് 18 കോടി ശ്രീലങ്കൻ രൂപയായിരുന്നു. റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ച തുക ഏഷ്യ അസറ്റ് ഫിനാൻസിന്റെ മൂലധന അടിത്തറ കൂടുതൽ ശക്തമാക്കാനും ബിസിനസ് വിപുലീകരണത്തിനും കരുത്തേകുമെന്ന് കമ്പനി വ്യക്തമാക്കി. വരുമാനത്തിലും ലാഭത്തിലും കൈവരിച്ച മികച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഫണ്ട് സമാഹരണം.റൈറ്റ്സ് ഇഷ്യൂവിന് 1.3 മടങ്ങ് അധിക അപേക്ഷകൾ ലഭിച്ചത് വലിയൊരു നാഴികക്കല്ലാണെന്നും, കമ്പനിയുടെ വളർച്ചയിൽ ഓഹരിയുടമകൾക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സമാഹരിച്ച മൂലധനം ബിസിനസ് വിപുലീകരിക്കാൻ സഹായിക്കും. ശ്രീലങ്കൻ സാമ്പത്തിക സേവന രംഗത്ത് കൂടുതൽ ശക്തമായ സാന്നിധ്യമാകാൻ ഏഷ്യ അസറ്റ് ഫിനാൻസിന് ഇത് കരുത്തുനൽകും. ഉപഭോക്താക്കൾക്കും ഓഹരിയുടമകൾക്കും മികച്ച മൂല്യം നൽകാനും ഏഷ്യ അസറ്റ് ഫിനാൻസിന്റെ ദീർഘകാല വളർച്ചയ്ക്കും മുത്തൂറ്റ് ഫിനാൻസ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കയിലുടനീളം സാന്നിധ്യമുള്ള ഏഷ്യ അസറ്റ് ഫിനാൻസ് സ്വർണ്ണപ്പണയം, ലീസിംഗ്, മോർട്ട്ഗേജ് വായ്പകൾ, ഗ്രൂപ്പ് വായ്പകൾ, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, കോർപ്പറേറ്റ് വായ്പകൾ, മൈക്രോ വായ്പകൾ, പബ്ലിക് ഡെപ്പോസിറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകിവരുന്നു.
Fashion ⏭️




