NEWS
‘സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കാത്തത് അപകടങ്ങൾക്ക് കാരണം; ഡ്രൈവർ കം കണ്ടക്ടർ ആശയത്തോടും ചിലർക്ക് എതിർപ്പ്’

ഓഗസ്റ്റ് 8ന് പുലർച്ചെ 6.30ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദി ആവരഗരൈയിൽ കേരള ആർടിസിയുടെ കോഴിക്കോട്–ബെംഗളൂരു ഡീലക്സ് ബസ് സൂചനാ ബോർഡിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശികളായ താൽക്കാലിക ഡ്രൈവർ കെ.മിഥിലേഷും കണ്ടക്ടർ എൻ.എം.അരുണും മരിച്ച വാർത്ത ഏറെ വേദനയോടെ കേരളം കേട്ടത്. എട്ടു മണിക്കൂറിൽ ഏറെ സമയമെടുക്കുന്ന ദീർഘദൂര സർവീസിൽ ഡ്രൈവർ കം കണ്ടക്ടർ രീതി പാലിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉയർന്നെങ്കിലും അപകടത്തിൽപ്പെട്ട ബസിന് അപാകത ഇല്ലായിരുന്നെന്നും താൽക്കാലിക ജീവനക്കാരൻ ആണെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറാണ് ബസ് ഓടിച്ചത് എന്നുമാണ് ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞത്. കണ്ടക്ടറുടെ കുടുംബത്തിന് ഒരു കോടിയിലധികം രൂപയും ഡ്രൈവർ താൽക്കാലിക ജീവനക്കാരനായതിനാൽ കുടുംബത്തിന് നഷ്ടപരിഹാരമായി അർഹമായത് 10 ലക്ഷം രൂപയാണെങ്കിലും അതിലേറെ നൽകാൻ ശ്രമിക്കുമെന്നും ഇവരുടെ വീടുകളിൽ സന്ദർശനം നടത്തിയ മന്ത്രി പ്രഖ്യാപിച്ചു. ദീർഘദൂര സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി നിർബന്ധം ആക്കാത്തതാണ് ഇത്തരം അപകടങ്ങളിലേക്ക് വഴിതുറക്കുന്നതെന്ന് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയും ആയിരുന്ന ബിജു പ്രഭാകർ ഉറപ്പിച്ചു പറയുന്നു. ബെംഗളൂരുവിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ബിജു പ്രഭാകർ സംസാരിക്കുന്നു.രാത്രിയിലെ ദീർഘദൂര സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി ഡ്രൈവർമാരെ തുടർച്ചയായി നിയോഗിക്കുന്നത് ഒഴിവാക്കാൻ താങ്കളുടെ കാലത്ത് ആവിഷ്കരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു? നിലവിൽ അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ?കോഴിക്കോടുനിന്ന് ഒരു വണ്ടി രാത്രി രണ്ടു മണിക്കു വന്നു കഴിഞ്ഞാൽ രാവിലെ ആറു മണിയോടെ മടങ്ങിപ്പോകുന്ന രീതി വരെയുണ്ട്. വിശ്രമിക്കുക എന്നതല്ല എത്രയും പെട്ടെന്ന് ഡ്യൂട്ടി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. തുടർന്ന് ലഭിക്കുന്ന കോംപൻസേറ്ററി ഓഫിന് വേണ്ടിയാണിത്. എന്നാൽ അധികമായി കിട്ടുന്ന ഈ ഓഫിലും ടിപ്പർ ലോറിയും മറ്റും ഓടിക്കാൻ പോകുന്നവരുണ്ട്. പ്രതിദിനം നാലായിരം മുതൽ അയ്യായിരം രൂപ ലഭിക്കും എന്നതാണ് അതിലെ ആകർഷണം. ചിലരെങ്കിലും അത്തരം ഓഫുകളിൽ മദ്യപിച്ച ശേഷവും മറ്റും ഉറങ്ങാറുണ്ട്. അത്തരത്തിൽ പോയാൽ പിന്നീട് രാത്രിയിൽ ശ്രദ്ധയോടെ വാഹനം ഓടിക്കാനാവില്ല. ഡ്രൈവിങ്ങും സുരക്ഷയും മുൻനിർത്തി നടപ്പാക്കാൻ അന്നു ശ്രമിച്ച പല പരിഷ്കാരങ്ങളും ചിലർ ഇല്ലാതാക്കി. സ്വിഫ്റ്റ് പോലുള്ള വാഹനങ്ങളിൽ അപകടം കുറയാൻ മറ്റൊരു കാര്യമുണ്ട്. വോൾവോ പോലുള്ള ചില സ്ലീപ്പർ സർവീസുകളിൽ ബസ് ക്രൂവിന് പ്രത്യേക സംവിധാനം ഉണ്ട്. അതായത് ഒരു ബസിനു മൂന്ന് ഡ്രൈവർ കം കണ്ടക്ടർമാർ ഉണ്ടാകും. അവർ തന്നെയാണ് ഡ്യൂട്ടി നിശ്ചയിക്കുക. അതിൽ ഒരു നിബന്ധനയുണ്ട്. ഒരാൾ ഡ്യൂട്ടി കഴിഞ്ഞ് വന്ന ഉടൻ വീണ്ടും ഡ്യൂട്ടിക്ക് പോകാനാവില്ല. ബെംഗളൂരുവിലും മറ്റും പോയി വന്ന ശേഷം അയാൾ ഡ്യൂട്ടിയിൽനിന്ന് മാറും. മറ്റൊരാൾ ആകും പിന്നീട് രാത്രി അടുത്ത ഡ്യൂട്ടിയിൽ കയറുക. ഇത്തരത്തിൽ മൂന്നു പേർ തമ്മിൽ മാറിമാറി വന്നാണ് വോൾവോ സർവീസ് നടത്തുന്നത്.
Fashion ⏭️


