NEWS

പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ്; ജാമ്യം ലഭിച്ചാലും ആയങ്കി അകത്തുതന്നെ


കൊച്ചി ∙ സ്റ്റേഷൻ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ജാമ്യം ലഭിച്ചാലും കോതമംഗലം റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടത് അർജുൻ ആയങ്കിയെ കൂടുതൽ കാലം തടവിലാക്കാൻ പൊലീസിന് സഹായകമാകും. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസ് അന്വേഷിക്കുന്ന കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കണ്ണൂരിൽ അറസ്റ്റിലായ ആയങ്കിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്നലെ കോതമംഗലത്തെത്തിച്ച് തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു. കോതമംഗലത്ത് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന കേസിൽ ലഭിച്ച ജാമ്യമാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്. ജാമ്യത്തിലിരിക്കെ കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന പൊലീസ് വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. ഭീഷണിപ്പെടുത്തൽ കേസുകളിൽ ജാമ്യം ലഭിച്ചാലും റിസോർട്ട് കേസിൽ ജാമ്യം റദ്ദായതിനാൽ ആയങ്കിക്ക് ജയിലിൽ തുടരേണ്ടി വരും. അതോടൊപ്പം, റദ്ദാക്കിയ ജാമ്യം പുനഃസ്ഥാപിക്കാൻ ആയങ്കിക്ക് ഇനി സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയെയോ  സമീപിക്കേണ്ടി വരും. 


Fashion ⏭️

Back to top button