NEWS
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി: ഭൂമിയെടുപ്പു നടപടികൾ ഇനിയും ശേഷിക്കെ 2 ഓഫിസുകൾ പൂട്ടി

കഞ്ചിക്കോട് ∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതി (കെബിഐസി) ഭൂമിയെടുപ്പു നടപടികൾ ഇനിയും ശേഷിക്കെ ഇതിനായി രൂപീകരിച്ച 2 ലാൻഡ് അക്വിസിഷൻ ഓഫിസുകൾ നിർത്താൻ റവന്യു വകുപ്പിന്റെ ഉത്തരവ്. കെബിഐസി ഡപ്യൂട്ടി കലക്ടർ (എൽഎ), കെബിഐസി സ്പെഷൽ തഹസിൽദാർ (എൽഎ) ഓഫിസുകളാണു പൂട്ടുന്നത്. ആദ്യ ഓഫിസിലെ 6 തസ്തികകളും രണ്ടാമത്തെ ഓഫിസിലെ 13 തസ്തികകളും നിർത്തലാക്കി ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കു മാറ്റും. അതേസമയം, ഇതോടൊപ്പം ആരംഭിച്ച കിൻഫ്ര ലാൻഡ് അക്വിസിഷൻ ഓഫിസ് തുടർന്നും പ്രവർത്തിക്കും. ശേഷിക്കുന്ന ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത് ഇതിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും.കഴിഞ്ഞ വർഷം നവംബറിൽ ഭൂമിയെടുപ്പു പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ നടപടികൾ പൂർത്തിയാകാതെ വന്നതോടെ ഈ വർഷം ഫെബ്രുവരി ഓഫിസുകളുടെ കാലാവധി നീട്ടി. അതിനു ശേഷം തുടർച്ചാനുമതി ലഭിക്കാത്തതിനാൽ 4 മാസമായി 19 ജീവനക്കാർക്കു ശമ്പളം മുടങ്ങി. ഓഫിസ് നിർത്തലാക്കുമ്പോഴും ശമ്പളക്കുടിശ്ശികയുടെ കാര്യം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, പെട്ടെന്ന് ഓഫിസ് ഒഴിവാക്കി മറ്റിടങ്ങളിലേക്കു മാറ്റുന്നതു ജീവനക്കാർക്കും പ്രതിസന്ധിയാകും. ഇനി ഏറ്റെടുക്കാൻ അവശേഷിക്കുന്നതു പുതുശ്ശേരി വെസ്റ്റിനു കീഴിലുള്ള 240 ഏക്കർ ഭൂമിയാണെന്ന് റവന്യു വകുപ്പ് പറയുന്നു. നിലവിലുള്ള കിൻഫ്ര ലാൻഡ് അക്വിസിഷൻ ഓഫിസ് മുഖേന ഈ ഭൂമിയുടെ ഏറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണു വിശദീകരണം.
Source link


