NEWS

സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 1000ന്റെ വീഴ്ച, സ്വർണം വാരിക്കൂട്ടി ചൈന, വിറ്റത് തുർക്കിയും റഷ്യയും


സ്വർണവില സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയിലെത്തി. പവൻ വിലയിൽ 1000 രൂപയുടെ കുറവുണ്ട്. പവന് 1,06,520 രൂപയാണ് പുതിയ വില. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ പവൻ വിലയിലുണ്ടായത് 1280 രൂപയുടെ കുറവാണെന്ന് കണക്ക്. രാജ്യാന്തര വിപണിയിൽ സ്വർണവില കു‍റഞ്ഞതോടെയാണ് കേരളത്തിലും വില മാറ്റം. ഹോർമുസിൽ വീണ്ടും എണ്ണക്കപ്പലിനു നേരെ ആക്രമമുണ്ടായെന്ന വാർത്തകൾ ക്രൂഡോയിൽ വില ഉയർത്തിയിട്ടുണ്ട്. ഇതോടെ ആറു പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക ഉയർന്നു. ഇത് മറ്റു കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിപ്പിച്ചു. അമേരിക്കയിൽ ജൂണിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് അടിസ്ഥാന പലിശ നിരക്കിൽ കാര്യമായ വർധനയുണ്ടായേക്കില്ലെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. ജൂണിൽ നടന്ന യുഎസ് പണനയ യോഗത്തിന്റെ മിനിറ്റ്സിനു വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണത്തിൽ നിർണായകമായി. നാളെ പുറത്തു വരുന്ന യോഗ മിനിറ്റ്സിൽ ഫെഡ് റിസർവിന്റെ അടുത്ത പണനയ തീരുമാനത്തെക്കുറിച്ചുള്ള സൂചനകളുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ മേയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിയ കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. മേയിൽ കേന്ദ്ര ബാങ്കുകൾ 41 ടൺ സ്വർണമാണ് വാങ്ങിയത്. പോളണ്ട്, ചൈന, ഉസ്ബെകിസ്ഥാൻ, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങലിൽ മുന്നിൽ. തുടർച്ചയായ ഇരുപതാമത്തെ മാസവും ചൈന സ്വർണം വാങ്ങുന്നതിൽ മുന്നിലാണ്. മേയിലേത് 17 മാസങ്ങൾക്കിടയിലെ റെക്കോർഡാണ്. ഇക്കൊല്ലം മാത്രം 25 ടൺ സ്വർണമാണ് ചൈന വാങ്ങിക്കൂട്ടിയത്. സെപ്റ്റംബർ 2025ന് ശേഷം ഇതാദ്യമായി സിംഗപ്പൂർ വാങ്ങൽ രാജ്യങ്ങളുടെ പട്ടികയിലെത്തി.


Source link

Back to top button