NEWS

‘പിഎസ്‌സി: ഇടപെടാൻ ഗവർണറെ അനുവദിക്കില്ല; ബോർഡ്, കോർപറേഷൻ നിയമനം സെപ്റ്റംബർ ആദ്യവാരം’


∙ ആദ്യ 100 ദിവസത്തെ എങ്ങനെ വിലയിരുത്തുന്നു. മന്ത്രിമാരുടെയും താങ്കളുടെ ടീമിന്റെയും പ്രവർത്തനത്തിൽ തൃപ്തനാണോ? പ്രവർത്തനത്തിൽ സംതൃപ്തിയുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ നല്ല ഏകോപനമുണ്ട്. സർക്കാർ തുടങ്ങിയതല്ലേയുള്ളൂ. തീർച്ചയായും മെച്ചപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുണ്ടാകും. ∙ ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തുന്നു, പിഎസ്‌സി ക്രമക്കേടിൽ സമാന്തര അന്വേഷണത്തിന്റെ സൂചനകൾ നൽകുന്നു പിഎസ്‌സിയെക്കുറിച്ച് ഗവർണർക്ക് അന്വേഷിക്കാനാവില്ല. അവിടത്തെ ക്രമക്കേടിനെക്കുറിച്ചു പൊലീസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുന്നുണ്ട്. പൊലീസിന്റെ അന്വേഷണത്തിൽ ഗവർണർക്ക് ഇടപെടാനാവില്ല, ഇടപെടൽ അനുവദിക്കുകയുമില്ല. അദ്ദേഹം ഇടപെടുമെന്ന് ഞാൻ കരുതുന്നില്ല. ∙ പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. മുൻപ് പറഞ്ഞ വാക്ക് മാറ്റുന്നുവെന്ന ആക്ഷേപമുണ്ട്.              പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിയെ വച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അതിൽനിന്നു നമുക്ക് പിന്മാറാനാവില്ല. പിന്മാറാൻ പറ്റുമെന്നു പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പറയുന്നു. ഇതിനു വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടു മുൻ സർക്കാർ അതു ചെയ്തില്ല. കേന്ദ്രത്തിൽനിന്നു പണം ലഭിച്ചശേഷം അവർക്കു പിൻമാറാമായിരുന്നല്ലോ. കേരളത്തിന്റെ താൽപര്യങ്ങളും പാഠ്യപദ്ധതിയും സംരക്ഷിച്ച് പദ്ധതി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നാണ് ഈ സർക്കാർ നോക്കുന്നത്. ∙ ബോർഡ്, കോർപറേഷൻ വീതംവയ്പ് നീളുന്നു. പുതിയ അധ്യക്ഷർ എപ്പോൾ വരും?  വീതംവയ്പ് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചപ്പോഴാണു പ്രളയമുണ്ടായത്. മുസ്‌ലിം ലീഗുമായുള്ള ചർച്ച ഏകദേശം പൂർത്തിയാക്കി. ബാക്കി ചർച്ച ഓണത്തിനു ശേഷം പൂർത്തിയാക്കി സെപ്റ്റംബർ ആദ്യം നിയമനം നടത്തും.


Fashion ⏭️

Back to top button