NEWS
പെരുമാറ്റത്തിൽ ആശങ്ക, അന്ന് മോദി – ട്രംപ് വാർത്താസമ്മേളനം ഒഴിവാക്കി; വെളിപ്പെടുത്തൽ

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, കഴിഞ്ഞ ജൂണിൽ ഫ്രാൻസിൽ വച്ച് നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തമായി മാധ്യമങ്ങളെ കാണുന്നത് വേണ്ടെന്നുവയ്ക്കാൻ ഇന്ത്യ ജാഗ്രതാപൂർവം തീരുമാനിച്ചതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന വിദേശ പ്രതിനിധികൾ പലപ്പോഴും അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അതീവ ജാഗ്രത പുലർത്താറുണ്ടെന്നും മുൻപ് ദക്ഷിണാഫ്രിക്ക, യുക്രെയ്ൻ പ്രസിഡന്റുമാരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചകളിൽ ഇത് പ്രകടമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ മുൻകരുതൽ സമീപനം സ്വീകരിച്ചത്. ജൂൺ 17ന് ഫ്രാൻസിലെ എവിയാൻ ലെ ബെയിൻസിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. മുൻവർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങൾ പരിഹരിച്ച് ബന്ധം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
Fashion ⏭️


