തൃണമൂൽ നേതാവ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

മമതയുടെ വിശ്വസ്തരിൽ ഒരാൾ
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂൽ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ (74) മരിച്ച നിലയിൽ കണ്ടെത്തി.
ബിർഭൂം ജില്ലയിലെരാംപൂർഹട്ടിലുള്ള പാർട്ടി ഓഫീസിൽ ഇന്നലെ രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും കണ്ടെടുത്തു.
മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തരിലൊരാളായിരുന്ന ആശിഷിനെതിരെ ഭരണമാറ്റമുണ്ടായപ്പോൾ അഴിമതി ആരോപണങ്ങളുടെ പേരിൽ കേസെടുത്തിരുന്നു. ഒരിക്കലും അഴിമതിപ്പണം വാങ്ങിയിട്ടില്ലെന്നും എന്നാൽ പാർട്ടിയിലെ ഇത്തരം തെറ്റുകളെ എതിർത്തിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ആത്മഹത്യയിൽ മറ്റാർക്കും പങ്കില്ല. രാഷ്ട്രീയത്തിൽ വന്നത് തെറ്റായ തീരുമാനമായിരുന്നു. കുടുംബാംഗങ്ങളോട് രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും
കുറിപ്പിൽ വ്യക്തമാക്കുന്നു.
2001-2026 കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടച്ചയായ ജയിച്ച ആശിഷ് ഡെപ്യൂട്ടി സ്പീക്കറായും മമതാ സർക്കാരിൽ കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാംപൂർഹട്ടിൽ ബി.ജെ.പിയുടെ ധ്രുവ സാഹയോട് 24,000ലധികം വോട്ടിന് തോറ്റു. തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകന്നു. ബി.ജെ.പി നടത്തിയ തെറ്റായ പ്രചാരങ്ങളുടെ ഇരയാണ് ആശിഷ് ബാനർജിയെന്ന് അനുശോചന സന്ദേശത്തിൽ മമത പ്രതികരിച്ചു.


