NEWS

കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം; കമ്പനി നൽകുന്നത് 6 ലക്ഷം


കൽപറ്റ ∙ കള്ളാടി തുരങ്കപ്പാതയ്ക്കു സമീപം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിയും കൽപറ്റ എംഎൽഎയുമായ ടി.സിദ്ദീഖ്. മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അടിയന്തര ധനസഹായം നൽകാനാണ് തീരുമാനമെന്ന് ഞായറാഴ്ച വൈകിട്ട് കലക്ടറേറ്റ് മിനി ഹാളിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം ടി.സിദ്ദീഖ് മാധ്യമങ്ങളോടു പറഞ്ഞു. മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.പരുക്കേറ്റ ഒൻപതു പേരിൽ ആറു പേർക്ക് രണ്ടര ലക്ഷം രൂപ വീതം കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്നു പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപ നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. മീനാക്ഷി പാലത്തിന്റെ ബലം പരിശോധിച്ച ശേഷം ഉടൻ ഗതാഗതം പൂർവസ്ഥിതിയിൽ അനുവദിക്കും.ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടര ലക്ഷത്തിലേറെ തുക നിശ്ചയിക്കാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കും. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ മേഖലകളിലുള്ള ആളുകൾക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും. ഈ പട്ടിക ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും തഹസിൽദാരെയും കലക്ടർ ചുമതലപ്പെടുത്തി. തുരങ്കപ്പാത സംബന്ധിച്ച തുടർനടപടികൾ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും കൈക്കൊള്ളുക. തിങ്കളാഴ്ചയോടെ വിദഗ്ധ സമിതി മേഖലയിൽ നിരീക്ഷണം ആരംഭിക്കുമെന്നാണു കരുതുന്നത്. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ  ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.


Source link

Back to top button