NEWS
കാബൂളിൽ സ്കൂളിനു സമീപം ഗ്രനേഡ് സ്ഫോടനം; അമ്പതോളം കുട്ടികൾക്ക് പരുക്ക്

കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിനു സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അമ്പതോളം കുട്ടികൾക്കു പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സ്ഫോടനമെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂളിലെ ഷിയാ മുസ്‌ലിം വിഭാഗക്കാരായ ഹസാര വംശജർ ഭൂരിപക്ഷമുള്ള പ്രദേശത്താണ് ആക്രമണം. സ്ഫോടനത്തിൽ നിരവധി കുട്ടികൾക്കു പരുക്കേറ്റതായും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു.സ്കൂളിനു സമീപം കുട്ടികളെ ലക്ഷ്യമിട്ടുണ്ടായ ഹീനമായ ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് അപലപിച്ചു. ദാരുണ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്ന് റിച്ചാർഡ് ബെന്നറ്റ് എക്‌സിലൂടെ ആവശ്യപ്പെട്ടു. ഹസാരകൾ കൂടുതലായി താമസിക്കുന്ന കാബൂളിന്റെ ഈ ഭാഗം വീണ്ടും ലക്ഷ്യം വയ്ക്കപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


