NEWS

‘മദ്യക്കുപ്പിയുള്ള അലമാര അവിടെ; മുറിയുമായി ആ ബന്ധം മാത്രം’: ജസ്റ്റിസ് വർമയ്ക്കെതിരായ റിപ്പോർട്ടിൽ കുരുക്കായി മൊഴി


ന്യൂഡൽഹി ∙ ‘മദ്യക്കുപ്പികൾ സൂക്ഷിക്കുന്ന അലമാര അവിടെയാണ്. അതല്ലാതെ എനിക്ക് ആ മുറിയുമായി ഒരു ബന്ധവുമില്ല.’– കെട്ടുകണക്കിനു നോട്ടുകൾ തീപിടിത്തത്തിൽ കത്തിക്കരിഞ്ഞ മുറിയെക്കുറിച്ച് ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ മൊഴി അദ്ദേഹത്തിനു കുടുക്കായി. ജസ്റ്റിസ് വർമ മുറി സ്വന്തം ആവശ്യത്തിന് മുറി ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവായി അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയ പ്രധാന തെളിവുകളിലൊന്നാണ് ഇത്. ആർക്കും ഉപയോഗിക്കാവുന്ന, നിയന്ത്രണങ്ങളില്ലാത്ത, ജീവനക്കാരുടെ ക്വാർട്ടേഴ്സിനോടു ചേർന്നതാണ് സ്റ്റോർ മുറിയെന്നും അതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ജസ്റ്റിസ് വർമയുടെ വാദം. എന്നാൽ, മദ്യം സൂക്ഷിക്കുന്ന അലമാര പൂട്ടിയതടക്കമുള്ള സാഹചര്യങ്ങൾ ഈ വാദത്തെ ദുർബലപ്പെടുത്തുന്നുവെന്നു റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്.കത്തിക്കരിഞ്ഞ നോട്ടുകൾ സംഭവസ്ഥലത്തുനിന്നു മാറ്റിയിരുന്നതിനാൽ എത്ര രൂപയാണ് ഉണ്ടായിരുന്നതെന്ന് അനുമാനിക്കാനാകുന്നില്ല. ഇതേക്കുറിച്ചുള്ള സാക്ഷിമൊഴികൾ റിപ്പോർട്ടിലുണ്ട്. 500 രൂപയുടെ നോട്ടുകൾ കത്തിക്കരിഞ്ഞു നിലത്തുകിടക്കുകയായിരുന്നുവെന്നാണ് പൊലീസും അഗ്നിരക്ഷാ സേനയും വ്യക്തമാക്കിയത്. കേസിലെ സാക്ഷികളിൽ ഒരാളായ രൂപ് ചന്ദിനോട് സ്ഥലത്ത് 5 ലക്ഷം രൂപയെങ്കിലും ഉണ്ടായിരുന്നിരിക്കുമോ എന്നു സമിതി ചോദിക്കുന്നുണ്ട്. അതു ചെറിയ തുകയല്ലേ? അതിലും എത്രയോ അധികം തുക ഉണ്ടായിരുന്നുവെന്നായിരുന്നു മറുപടി. പണക്കൂമ്പാരമാണ് സ്ഥലത്തു കണ്ടതെന്നായിരുന്നു സ്റ്റേഷൻ ഓഫിസറായ ഉമേഷ് മാലിക് പറഞ്ഞത്.


Fashion ⏭️

Back to top button