NEWS
‘അമ്മ’ വീണ്ടും കലഹത്തിലേക്ക്, ജോയ് മാത്യുവും കൈലാഷും ജയൻ ചേർത്തലും രാജിവച്ചു

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും കടുത്ത ആഭ്യന്തര കലഹവും പ്രതിസന്ധിയും. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് ‘അമ്മ’യുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല. എന്നാൽ താരസംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ട് താൻ ഇപ്പോഴും ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കിയതിന് ശേഷമാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും ‘അമ്മ’യുടെ ഇമെയിലിലേക്ക് ഔദ്യോഗികമായി രാജി സന്ദേശം അയച്ചത്. വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.’അമ്മ’യുടെ മുൻ ഭരണസമിതി ഔദ്യോഗികമായി രാജിവെക്കാത്ത സാഹചര്യത്തിൽ ഇപ്പോഴും മുൻ ഭാരവാഹികൾ തന്നെയാണ് നിയമപരമായി സ്ഥാനങ്ങളിൽ തുടരേണ്ടതെന്നുള്ള ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്. നിലവിലെ അഡ്ഹോക് കമ്മിറ്റിയുടെ യോഗങ്ങളും തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ കോടതിയെ സമീപിക്കാനാണ് സാധ്യത. നിലവിൽ ജയൻ ചേർത്തലയും ജോയ് മാത്യുവും കൈലാഷും മാത്രമാണ് ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടുള്ളത്. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ നേരത്തെ തന്നെ രാജിവച്ചിരുന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയും ഔദ്യോഗികമായി രാജി സന്ദേശം അയച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഭാരവാഹികൾ ഔദ്യോഗികമായി രാജി നൽകാത്തതിനാൽ ‘അമ്മ’ വലിയൊരു നിയമപോരാട്ടത്തിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
Source link


