NEWS

ജിസാറ്റ്–1എയുമായി കുതിച്ച് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം: ചരിത്രം കുറിച്ച് ഐഎസ്ആർഒ


ചെന്നൈ ∙ ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു ഭൂമിയെ നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുട‌െ ആദ്യ ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ വാഹനത്തിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.55നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ജിഎസ്എൽവി–എഫ് 17 കുതിച്ചുയർന്നത്. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ലക്ഷ്യത്തിലെത്തുന്നതിനു മുൻപുള്ള താൽക്കാലിക ഭ്രമണപഥത്തിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്നു സാവധാനം യഥാർഥ ഭ്രമണപഥത്തിലേക്കു ഉയർത്തും.സാധാരണ താഴ്ന്ന ഭ്രമണപഥത്തിൽ കറങ്ങുന്നതിനാൽ തുടർച്ചയായുള്ള നിരീക്ഷണം സാധ്യമാകാത്ത സ്ഥിതിയാണ്. ഇഒഎസ്–05 ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്ഥാനത്തു നിന്നു തുടർച്ചയായി ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങൾ ലഭിക്കും. പ്രത്യേക നിരീക്ഷണം വേണ്ട സ്ഥലത്തു 5 മിനിറ്റ് ഇടവേളയിൽ ചിത്രങ്ങളെടുക്കാൻ വരെ സാധിക്കും. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കൃത്യമായി നിരീക്ഷിക്കാം. മേഘാവൃതമായ അന്തരീക്ഷവും കാലാവസ്ഥ വ്യതിയാനവും തത്സമയം അറിയാം. കൃഷിസ്ഥലങ്ങൾ, ജലാശയങ്ങൾ, വനഭൂമി എന്നിവയുടെ മാറ്റങ്ങളും പഠിക്കാം. അതിർത്തി മേഖലകളിലും തന്ത്ര പ്രധാന മേഖലകളിലും ഉപഗ്രഹത്തിലൂടെ നിരന്തരം നിരീക്ഷണം സാധ്യമാകും.2021 ഓഗസ്റ്റിൽ ജിഎസ്എൽവി–എഫ്10 വാഹനത്തിൽ വിക്ഷേപിച്ച ജിസാറ്റ് –1 ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് പരാജയപ്പെട്ടിരുന്നു. അഞ്ച് വർഷത്തിനു ശേഷമുള്ള ഐഎസ്ആർഒയുടെ തിരിച്ചുവരവ് കൂടിയാണ് വിക്ഷേപണം.


Fashion ⏭️

Back to top button