NEWS

മുൻമന്ത്രി പങ്കെടുത്ത കൂട്ടയോട്ടം; മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി, 15.34 ലക്ഷം നൽകിയെന്ന് ഏജൻസി


തൊടുപുഴ∙ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു നടത്തിയ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വൈരുധ്യം. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി പറയുമ്പോൾ പരിപാടിയുടെ ഉപകരാർ ഏറ്റെടുത്ത ഐടി പ്രഫഷനൽസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐടിപിസിഒഎസ്) കണക്കിൽ 15.34 ലക്ഷം രൂപ അദ്ദേഹത്തിനു നൽകിയതായി കാണിക്കുന്നു. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിലാണ് സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന കണക്കുകൾ പുറത്തുവന്നത്.ആർട്ടിസാൻസ് ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ് (എആർടിസിഒ) എന്ന സർക്കാർ ഏജൻസി, ഐടിപിസിഒഎസിന് ഉപകരാർ നൽകുകയായിരുന്നു. ഇവർ പുഷ് 360 എൽഎൽപി എന്ന സ്വകാര്യ ഏജൻസിക്ക് വീണ്ടും ഉപകരാർ നൽകി. പരിപാടിക്കായി കിഫ്ബിയിൽനിന്ന് നികുതി ഉൾപ്പെടെ 1,07,79,300 രൂപ ലഭിച്ചു. എന്നാൽ പുഷ് 360 എൽഎൽപിയുടെ ബില്ലും ഐടിപിസിഒഎസിന്റെ സർവീസ് ചാർജും കൂട്ടിയാലും 87 ലക്ഷം രൂപ മാത്രമാണ് കണക്കിൽ പെടുത്തിയിരിക്കുന്നത്. ബാക്കി തുക എവിടെപ്പോയെന്നുള്ളതിനു കണക്കില്ല. കഴിഞ്ഞ മാസം പുറത്തുവന്ന കിഫ്ബിയുടെ കണക്ക് പ്രകാരം പരിപാടിയുടെ ആകെ ചെലവ് 91.35 ലക്ഷം രൂപയാണ്.


Fashion ⏭️

Back to top button