BUSINESS
മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം പാദത്തിൽ (ഒക്ടോബർ – ഡിസംബർ) മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുമെന്ന് വിവിധ ബ്രോക്കറേജുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരക്ക് വർധന നടപ്പിലാക്കിയില്ലെങ്കിൽ കമ്പനികളുടെ വരുമാനം പരിമിതമായിരിക്കുമെന്നും ഇവർ പറയുന്നു. 2019നു ശേഷമുള്ള എല്ലാ രണ്ടു വർഷങ്ങളിലും ഇന്ത്യൻ ടെലികോം കമ്പനികൾ 19-29% വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ 15% വരെ നിരക്ക് വർധിപ്പിക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്. ഇന്റർനെറ്റിന് ചെലവാക്കുന്ന തുകയിലും ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും ഇന്ത്യ ഏറെ പിന്നിലാണെന്നാണ് മൊബൈൽ കമ്പനികൾ ഉയർത്തുന്ന വാദം. അതുകൊണ്ടു തന്നെ നിരക്ക് വർധനയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാകുമോയെന്ന കാര്യത്തിൽ ബ്രോക്കറേജുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം കുറവാണ്. നിരക്ക് കൂട്ടിയാൽ അവർക്ക് താങ്ങാനായേക്കില്ല. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കൾ മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ നിരക്കാണ് അടയ്ക്കുന്നത്. മൊബൈൽ ഫോൺ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, പണമടയ്ക്കൽ തുടങ്ങി മൊബൈൽ ഫോണിനെ ആശ്രയിക്കാതെ ആർക്കും മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ റീച്ചാർജ് ചെലവിൽ ചെറുതായി ഉണ്ടാകുന്ന ചെലവു പോലും ആളുകളെ കാര്യമായി ബാധിക്കുമെന്നും നൊമൂറ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ ടെലികോം വിപണി വലുതാണെങ്കിലും പല ഉപഭോക്താക്കളും ഇപ്പോഴും ചെറിയ റീച്ചാർജ് പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആളുകൾ മൊബൈൽ റീച്ചാർജിനു വേണ്ടി ചെലവാക്കുന്ന തുക കുറയ്ക്കാൻ സാധ്യതയുണ്ട്. പല ആളുകളും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. നിരക്ക് വർധന ഇതിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എന്തിന് വർധന?മൊബൈൽ നെറ്റ്വർക്കുകൾ നിർമിക്കാനും അത് മാനേജ് ചെയ്യാനും ഒപ്പം സ്പെക്ട്രം അനുവദിച്ചതിനു പണം അടയ്ക്കാനും മൊബൈൽ കമ്പനികൾക്ക് വലിയ തുക ആവശ്യമാണ്. ഇത് കണ്ടെത്താൻ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുക മാത്രമാണ് കമ്പനികളുടെ മുന്നിലുള്ള എളുപ്പവഴി. ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി തുക (എആർപിയു) ഉയർത്തിയാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് കമ്പനികളും വാദിക്കുന്നു.
Source link


