NEWS
ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

ജറുസലം ∙ ഗാസയിൽ തുടർച്ചയായ രണ്ടാം ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്ക്, തെക്ക്, മധ്യ മേഖലകളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. പാർപ്പിട മേഖലകളിലും ആക്രമണം നടന്നു. ഖാൻ യൂനിസിലെ മവാസി മേഖലയിലെ നടന്ന ആക്രമണത്തിൽ മാതാപിതാക്കളും 9 വയസ്സുള്ള കുട്ടിയും മരിച്ചു. ഗാസ നഗരത്തിലും മാതാപിതാക്കളും കുട്ടിയും കൊല്ലപ്പെട്ടു. ഹമാസിന്റെ രണ്ട് കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അറിയിച്ചത്.കഴിഞ്ഞവർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ തുടരുന്ന കാര്യത്തിൽ പുരോഗതിയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടന്നത്. അതേസമയം ഗാസയ്ക്കെതിരായ ആക്രമണം നിർത്തിവയ്ക്കണമെന്ന കരാർ നിലവിലില്ലെന്ന് ഇസ്രയേൽ ഊർജമന്ത്രി എലി കോഹൻ പറഞ്ഞു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിയാണ് കോഹൻ.
Fashion ⏭️


