NEWS

‘അന്ന് ഫ്രില്ലിക്ക് പ്രായം 23 വയസ്സ്; സ്വർണാഭരണങ്ങൾക്കായി ഏലിയാമ്മയെ കൊലപ്പെടുത്തിയത് കഴുത്തും കൈത്തണ്ടയും മുറിച്ച്’


ആലപ്പുഴ ∙ സ്വർണാഭരണങ്ങൾക്കായി റിട്ട.അധ്യാപിക തുമ്പോളി ആലക്കാട്ടുശേരിൽ ഏലിയാമ്മ സെബാസ്റ്റ്യനെ (ചിന്നമ്മ– 80) കഴുത്തും കൈത്തണ്ടയും മുറിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബന്ധുവുമായ പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി എം.ഷുഹൈബാണു ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ ഫ്രില്ലിക്ക് 23 വയസായിരുന്നു പ്രായം. 2010 ഓഗസ്റ്റ് 12ന് ആണ് ഏലിയാമ്മ കൊല്ലപ്പെടുന്നത്. ഭർത്താവും 4 മക്കളും വിദേശത്തായതിനാൽ തുമ്പോളിയിലെ വീട്ടിൽ ഇവർ തനിച്ചായിരുന്നു.സംഭവ ദിവസം പുറത്തു പോയി തിരിച്ചെത്തിയ ജോലിക്കാരിയാണു മൃതദേഹം കണ്ടത്. ഏലിയാമ്മയുടെ വീട്ടിൽനിന്നു തമിഴ് നാടോടികൾ പോകുന്നതു കണ്ടെന്നു ഫ്രില്ലി പ്രചരിപ്പിച്ചിരുന്നു. ഇവർ പറഞ്ഞ സൂചനകൾ വച്ച് ഒരു നാടോടി സ്ത്രീയുടെ രൂപരേഖ പൊലീസ് തയാറാക്കുകയും ചെയ്തു. എന്നാൽ പരിസരത്ത് മറ്റാരും അങ്ങനെ നാടോടികളെ കണ്ടിരുന്നില്ല. അങ്ങനെയാണു ഫ്രില്ലിയിലേക്ക് അന്വേഷണമെത്തിയത്. വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ ഫ്രില്ലി നിർബന്ധിച്ചു വീടിനുള്ളിലെത്തിച്ചു മുഖത്തു മുളകുപൊടി വിതറി നിലത്തു തള്ളിയിട്ട ശേഷം കത്തികൊണ്ടു കൈത്തണ്ടകളും കഴുത്തും മുറിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഏലിയാമ്മയുടെ മാലയും വളകളും മോഷ്ടിക്കുകയും ചെയ്തു.


Fashion ⏭️

Back to top button