NEWS
തെളിവ് എലി തിന്നു നശിപ്പിച്ചില്ല; ചോരപുരണ്ട തൂവാല കണ്ടെത്തി: ഫസൽ വധക്കേസിലെ നിർണായക തെളിവ്

കൊച്ചി ∙ തലശേരി ഫസൽ വധക്കേസിൽ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായ ചോരപുരണ്ട തൂവാല കേടുപാടുകളില്ലാതെ കണ്ടെടുത്തു. കേസിലെ ഏറ്റവും നിർണായക തെളിവുകളിലൊന്നായ ഈ തൂവാല എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നായിരുന്നു കാണാതായത്. കഴിഞ്ഞ മേയ് മാസത്തിൽ വിചാരണ തുടങ്ങുന്നതിനായി സിബിഐ കോടതി ഈ തെളിവ് ഹാജരാക്കാൻ നിർദേശിച്ചപ്പോഴാണ് തൂവാലയ്ക്കു പകരം ‘തെളിവ് എലി തിന്നു നശിപ്പിച്ചു’ എന്നെഴുതിയ ഒഴിഞ്ഞ ഒരു കവർ മാത്രം ലഭിച്ചത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ സിബിഐ പ്രത്യേക കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ തൂവാല കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഇത് എങ്ങനെ അപ്രത്യക്ഷമായെന്നോ ഇപ്പോൾ എങ്ങനെ തിരികെ എത്തിയെന്നോ ഉള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, നിർണായക തൂവാല കണ്ടെത്തിയതോടെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ കേസിന്റെ വിചാരണ വീണ്ടും ആരംഭിക്കും.തലശേരി ഫസൽ വധക്കേസിൽ ചോര പുരണ്ട ഈ തൂവാല ഏറെ നിർണായകമായ തെളിവായാണ് കരുതപ്പെടുന്നത്. കേസിൽ അന്വേഷണം വഴിതിരിച്ചുവിടാനായി പ്രതികൾ ഫസലിന്റെ ചോരപുരണ്ട തോർത്ത് ഒരു ആർഎസ്എസ് പ്രവർത്തകന്റെ വീടിനടുത്ത് മനഃപൂർവം കൊണ്ടിട്ടതാണെന്നായിരുന്നു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. 2012ൽ സിബിഐ എറണാകുളം സിജെഎം വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാക്കളും പ്രവർത്തകരും ആയിരുന്നു സിബിഐ കുറ്റപത്രത്തിൽ പ്രതികളായ ഇടംപടിച്ചത്.
Source link


