മുന്‍ അനുഭവങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചില്‍ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ ഹൃദയപൂര്‍വ്വം പങ്കുചേരുന്നതായും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരിതത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായം എത്രയും വേഗം നല്‍കണം. കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ എല്ലാ പിന്തുണയും ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിക്കുന്നു.
അതേ സമയം അശാസ്ത്രീയമായി വന്‍തോതില്‍ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാന്‍ കഴിയില്ല.
ജൂണ്‍ 25-ന് നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പ്രകാരം നിര്‍മാണ സ്ഥലത്ത് ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് കെട്ടിക്കിടക്കുന്നതായി വിലയിരുത്തിയിരുന്നു. ഈ മണ്ണ് മാറ്റുന്നതിനായി അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്ന് കരാര്‍ കമ്പനി ആവശ്യപ്പെട്ടിരുന്നതായും രേഖകളില്‍ വ്യക്തമാകുന്നുണ്ട്. അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞിട്ടും സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ശക്തമായ മഴ ഉണ്ടായാല്‍ തൊഴിലാളികളെയും സമീപവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ അത് ഫലപ്രദമായി നടപ്പാക്കിയില്ല. മുന്നറിയിപ്പുകളും തീരുമാനങ്ങളും കടലാസില്‍ മാത്രം ഒതുങ്ങിയതാണ് ഇന്നത്തെ ദുരന്തത്തിലേക്ക് നയിച്ചത്.
പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്. തുരങ്കപാത നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് ഡിവിഷനായിരുന്നു. കരാറുകാരന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്നും ഉറപ്പാക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തമാണ്. നിര്‍ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ പ്രവൃത്തി നിര്‍ത്തിവച്ച് അപകടസാധ്യത ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് ഉദ്യോഗസ്ഥരായിരുന്നു. അത് ചെയ്യാതെ ഇപ്പോള്‍ മുഴുവന്‍ പഴിയും കരാര്‍ കമ്പനിയുടെ മേല്‍ ചുമത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനുള്ള ശ്രമം മാത്രമാണ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു.
Source link
NEWS
Read News
Read News✅


