LIFESTYLE

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ആദായനികുതി വകുപ്പിന്റെ ഈ നിയമങ്ങൾ ഉറപ്പായും അറി‌ഞ്ഞിരിക്കണം


പ്രതീകാത്മക ചിത്രം

ഇന്ന് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടെങ്കിലും ഇല്ലാത്തവരായി ആരുമുണ്ടാകില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ ഒരു അക്കൗണ്ട് ഉറപ്പായും ഉണ്ടായിരിക്കും. നിലവിൽ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ ആരും ഇതിനെപ്പറ്റി അധികം ചിന്തിക്കാറുമില്ല.

എന്നാൽ ബാങ്ക് പണമിടപാടുമായി ബന്ധപ്പെട്ട് ഉറപ്പായും അറി‌ഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ രാജ്യത്തുണ്ട്. ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിനും നോട്ടീസിനും വരെ ഇടയാക്കിയേക്കാവുന്ന ആ നിയമങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

1. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഒരു സാമ്പത്തികവർഷം ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിൽ പത്തുലക്ഷം രൂപയിലധികം പണം നിക്ഷേപിക്കുന്നത് ചിലപ്പോൾ പ്രശ്നമാകും. ഇത്തരം വിവരങ്ങൾ ബാങ്കുകൾ നേരിട്ട് ആദായനികുതിവകുപ്പിനെ അറിയിക്കും. പത്തുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം തെളിയിക്കാൻ സാധിക്കണം.

നിക്ഷേപിക്കുന്ന തുക നിങ്ങളുടെ ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് വരാൻ സാദ്ധ്യതയുണ്ട്. ശമ്പളം, ബിസിനസ് വരുമാനം, വസ്തു വിറ്റത് തുടങ്ങിയ ന്യായമായ വരുമാനമാണ് നിക്ഷേപിക്കുന്നതെങ്കിൽ അതിനുള്ള രേഖകൾ സൂക്ഷിച്ചുവയ്ക്കണം.

2. ദീർഘകാലമായി ഉപയോഗിക്കാതിരുന്ന ബാങ്ക് അക്കൗണ്ടുകളിൽ പെട്ടെന്ന് വലിയ തുകയുടെ ഏതെങ്കിലും ഇടപാടുകൾ നടന്നാൽ അത് ആദായനികുതി വകുപ്പിന്റെ സംശയത്തിന് ഇടയാക്കും. സേവിംഗ്സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റുകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനംപോലും ആദായനികുതി വകുപ്പ് പാൻകാർഡ് വഴി കൃത്യമായി അറിയുന്നുണ്ട്.

3. ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണ് ഉപഭോക്താക്കളുടെ വരുമാനവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം. ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനവും, ബാങ്കിലെ നിക്ഷേപങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ അത് ആദായനികുതി വകുപ്പിന്റെ നോട്ടീസിന് കാരണമാകും.

4. സാമ്പത്തിക പ്രശ്നമോ മറ്റു കാരണങ്ങൾകൊണ്ടോ വസ്തുവകകൾ വിൽക്കുന്നവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ബാങ്ക് ഇടപാടുകളിലും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മുപ്പതുലക്ഷം രൂപയോ അതിലധികമോ വിലമതിക്കുന്ന വസ്തുവകകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതും ആദായനികുതി വകുപ്പിന്റെ പ്രത്യോക നിരീക്ഷണത്തിൽവരും.

5. ഒരു ലക്ഷം രൂപയോ അതിനുമുകളിലോ ഉള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾ പണമായി അടയ്ക്കുകയോ അല്ലെങ്കിൽ ഒരു വർഷം 10 ലക്ഷത്തിന് മുകളിലുള്ള ബിൽ ബാങ്ക് ട്രാൻസ്ഫർ, ഓൺലൈന്‍ വഴി അടയ്ക്കുകയോ ചെയ്താൽ അതും റിപ്പോർട്ട് ചെയ്യപ്പെടും.

കാരണം കള്ളപ്പണം തടയുന്നതിനും നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുമായി ആദായനികുതി വകുപ്പ് വലിയ തുകയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് വഴി ബാങ്കുകൾ ഇത്തരം വിവരങ്ങൾ നേരിട്ട് ആദായനികുതി വകുപ്പിന് കൈമാറും.

6. മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ വലിയ തുകകൾ വിഭജിച്ച് നിക്ഷേപിച്ചാൽ അതും പ്രശ്നമാകും. കാരണം ഒരു വർഷത്തെ മൊത്തം പണമിടപാടുകളാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. അതിനാൽ നിയമവിരുദ്ധമായ ഇത്തരം രീതികൾ ഒഴിവാക്കി നിങ്ങളുടെ ആദായ സ്രോതസുകൾ വ്യക്തമാക്കുന്നതാണ് എപ്പോഴും സുരക്ഷിതം.

RELATED TOPICS: LARGE SAVINGS, INCOME TAX, BANK ACCOUNT RULES, SAVINGS ACCOUNT RULES


News ⏭️

Back to top button