NEWS

‘ഗ്രാമസഭ നടത്തിപ്പിന് കേരളം പണമിറക്കും, ആളെയും കൂട്ടും’; ചെമ്പിലോട്ട് മാതൃക: കേന്ദ്ര റിപ്പോർട്ട്


ന്യൂഡൽഹി ∙ ഗ്രാമസഭകളുടെ നടത്തിപ്പു ചെലവ് ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളമെന്നു പഞ്ചായത്ത് രാജ് മന്ത്രാലയവും ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടും തയാറാക്കിയ റിപ്പോർട്ട്. ഗ്രാമസഭകൾ ഏറ്റവും മികച്ച നിലയിൽ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളം. ഇവിടെ 65% ഗ്രാമസഭകൾക്കും നടത്തിപ്പിന് 5,000–10,000 രൂപ വരെ ചെലവാകും. ഗ്രാമസഭകളുടെ വിവരകൈമാറ്റം, രേഖ സജ്ജമാക്കൽ എന്നിവയ്ക്കാണ് ചെലവിന്റെ സിംഹഭാഗവും.ഗ്രാമസഭയിലെ പങ്കാളിത്തം കേരളത്തിൽ പൊതുവേ മികച്ച നിലയിലാണ്. ജോലിയും യോഗസമയവുമാണ് പങ്കെടുക്കാത്തവരുടെ പ്രശ്നം. വിട്ടുനിൽക്കുന്നവരിൽ 25% പേർ ഗ്രാമസഭയുടെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നില്ല. 6% പേർക്ക് ഭരണത്തിലെ വിശ്വാസക്കുറവാണ് പ്രശ്നം. ആളുകളുടെ സൗകര്യം കൂടി പരിഗണിച്ചുള്ള സമയക്രമം, തീരുമാനങ്ങളിലെ സുതാര്യത, ഇൻസെന്റീവ് എന്നിവ വഴി കേരളത്തിലെ ഗ്രാമസഭകളിൽ ഇനിയും പങ്കാളിത്തം കൂട്ടാം. ജോലിയും സമയവുമാണു കേരളത്തിലെ ഗ്രാമസഭകളിൽ പങ്കാളിത്തം കുറയുന്നതിന്റെ പ്രധാനകാരണം. ഗ്രാമസഭകളിലെ വനിത പങ്കാളിത്തം കേരളം മികച്ചതാണ്. മിസോറം, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വനിതകളെല്ലാം പങ്കെടുക്കുമ്പോൾ കേരളത്തിൽ സ്ഥലത്തെ 98.7% വനിതകളും ഗ്രാമസഭകളുടെ ഭാഗമാകുന്നു.ഗ്രാമസഭ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്കു മാതൃകയാക്കാൻ ഉദാഹരണമായി നൽകിയ രാജ്യത്തെ 8 പഞ്ചായത്തുകളിൽ ആദ്യത്തേത് കണ്ണൂരിലെ ചെമ്പിലോടാണ്. കുടുംബശ്രീകളിലൂടെയുള്ള വിവരകൈമാറ്റം, പ്രത്യേക വിഷയങ്ങളിൽ ഊന്നിയുള്ള യോഗങ്ങൾ, സുതാര്യമായ തീരുമാനങ്ങൾ, 100% ഫണ്ട് വിനിയോഗം, ചർച്ചയും ആലോചനയും നടപ്പാക്കലും തുടങ്ങിയവ ചെമ്പിലോട് പഞ്ചായത്തിലെ ഗ്രാമസഭകളെ വേറിട്ടതാക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.


Source link

Back to top button