NEWS
വീണയുടേത് ദുർബലമായ കമ്പനി; പിടിച്ചുനിന്നത് സിഎംആര്‍എല്‍ ഫണ്ടിൽ: സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി

കൊച്ചി∙ സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടു പുറത്തു വന്ന ഇ.ഡി റിപ്പോർട്ടിലുള്ളത് പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്കു കടക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങൾ. കഴിഞ്ഞ മേയ് 27ന് വീണ വിജയന്, സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് ഇ.ഡി പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു മുന്നിൽ സമർപ്പിക്കും.വീണയുടെ അക്കൗണ്ടിനു പുറമേ എക്സാലോജിക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയുടെയും അക്കൗണ്ടുകളാണു മരവിപ്പിക്കുന്നതിനായി ഇ.ഡി റിപ്പോർട്ടിലുള്ളത്. ഈ അക്കൗണ്ടുകൾ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. മൂന്ന് അക്കൗണ്ടുകളുടേയും രേഖകൾ മേയ് 27ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തെന്നും ഈ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി പറയുന്നു.നൽകാത്ത സേവനങ്ങൾക്കായി വീണ, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്ക് 2.78 കോടി രൂപയുടെ വ്യാജ പേയ്മെന്റുകൾ നൽകി. സിഎംആർഎലിനു സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നത് വീണ ഉൾപ്പെടെയുള്ളവരുടെ മൊഴികളിലൂടെയും ശശിധരൻ കർത്തയുടെയും മറ്റുള്ളവരുടെയും കുറ്റസമ്മതത്തിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ ലഭിച്ച 2.78 കോടി രൂപയ്ക്ക് പകരമായി സിഎംആർഎലിനായി നൽകിയ സേവനങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല.’’
Fashion ⏭️


