FASHION
യഥാർഥ കാഞ്ചീപുരം സാരി എങ്ങനെ തിരിച്ചറിയാം? വിദഗ്ധരുടെ നിർദേശങ്ങൾ

വിവാഹസാരിയെന്നാൽ നമുക്ക് അത് കാഞ്ചീപുരം സിൽക്ക് സാരിതന്നെയാണ്. വിവാഹദിനത്തിൽ അണിഞ്ഞ ശേഷം വാർഷികാഘോഷങ്ങളിലും കുടുംബവിവാഹങ്ങളിലും ഉത്സവങ്ങളിലും വീണ്ടും വീണ്ടും അണിയുന്ന ഈ സാരി പിന്നീട് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന ഒരു കുടുംബപൈതൃകമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു കാഞ്ചീപുരം സാരി തിരഞ്ഞെടുക്കുന്നത് നിറമോ ഡിസൈനോ മാത്രം നോക്കിയല്ല, യഥാർഥ കൈത്തറി നെയ്ത്തും മികച്ച ഗുണനിലവാരവുമാണ് അതിന്റെ യഥാർത്ഥ മൂല്യം നിർണയിക്കുന്നത്.ഇന്ന് വിപണിയിൽ കൈത്തറിയിൽ നെയ്ത കാഞ്ചീപുരം സാരികൾക്കൊപ്പം പവർലൂം, മെഷീൻ നിർമിത പതിപ്പുകളും വ്യാപകമാണ്. അതുകൊണ്ടുതന്നെ യഥാർഥ കൈത്തറി സിൽക്ക് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടുമാണ്. എന്നാൽ യഥാർഥ കാഞ്ചീപുരം സാരി തിരിച്ചറിയാൻ ചില വിദ്യകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.ഭാരമുള്ള സാരിയാണെങ്കിൽ… കാഞ്ചീപുരം സാരിയുടെ ഗുണമേന്മ വിലയിരുത്താൻ പലരും ആദ്യം നോക്കുന്നത് അതിന്റെ ഭാരമാണ്. എന്നാൽ അത് തെറ്റായ ധാരണയാണെന്ന് വിദഗ്ധർ പറയുന്നു. സ്റ്റാർച്ച് ഉപയോഗിച്ചാൽ സാരിക്ക് കൂടുതൽ ഭാരം തോന്നാം. അതുപോലെ, സാരിയിൽ സരിയുടെ (zari) അളവ് കൂടുതലാകുമ്പോൾ അതിന്റെ മൂല്യവും ഗുണമേന്മയും കൂടണമെന്നുമില്ല. എല്ലാ മികച്ച കാഞ്ചീപുരം സാരികളും തിളങ്ങുന്ന നിറങ്ങളോടെയോ അമിതമായ സരിയോടെയോ ആയിരിക്കണമെന്നില്ല. പഴയ കാലത്തെ വിലമതിക്കപ്പെടുന്ന പല സാരികളും മിതമായ നിറങ്ങളിലും കുറഞ്ഞ സരി വർക്കിലുമാണ് നെയ്തിരുന്നത്.ഒരു കാഞ്ചീപുരം സാരിയുടെ മൂല്യം നിർണയിക്കുന്നത് സിൽക്ക് നൂലിന്റെ ശുദ്ധതയും സരിയുടെ ഗുണനിലവാരവും നെയ്ത്തിന്റെ മികവും നെയ്ത്തുകാരന്റെ വൈദഗ്ധ്യവുമാണ്.പരമ്പരാഗത കാഞ്ചീപുരം സാരിയുടെ പ്രത്യേകതകൾ വാങ്ങാൻ പോകുന്നതിന് മുമ്പ് കാഞ്ചീപുരം സാരികളുടെ പരമ്പരാഗത ഡിസൈൻ ശൈലി മനസ്സിലാക്കുന്നത് നല്ലതാണ്. സാധാരണയായി സാരിയുടെ ബോഡി ലളിതമായതോ ചെറിയ ബുട്ടകളോ ചെക്കുകളോ വരകളോ ഉള്ളതായിരിക്കും. ജ്യോമെട്രി ക്രമത്തിൽ വരുന്ന ഡിസൈനുകളാണ് കൂടുതലായും കാണുക. പൂക്കളുടെ രൂപങ്ങൾ പോലും വ്യക്തമായിരിക്കും. ബോർഡറിലെയും പല്ലുവിലെയും ഡിസൈനുകളുടെ വലിപ്പം പരസ്പരം യോജിച്ചിരിക്കണം. ബോഡി മുഴുവൻ സങ്കീർണമായ അലങ്കാരങ്ങളോ നിരവധി നിറങ്ങളുടെ ധാരാളം ഉപയോഗമോ കണ്ടാൽ അത് മെഷീൻ നിർമിത സാരിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
Life Style ⏭️


