NEWS
‘കത്ത് എങ്ങനെ പുറത്തു വന്നു? എല്ലാം ഇ.ഡി കൊടുക്കുന്നു; കടന്നാക്രമണങ്ങൾ വിജയിക്കില്ല’

കോഴിക്കോട്∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിണറായിക്കും മകൾ ടി.വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഇ.ഡി പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു.സിഎംആർഎൽ വിഷയത്തിൽ ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടുകയാണെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25 പേജുള്ള റിപ്പോർട്ടാണ് ഇ.ഡി പൊലീസ് മേധാവിക്ക് കൈമാറിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സാധാരണ ഇ.ഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തു വരാറില്ല. കത്ത് എങ്ങനെ പുറത്തു വന്നു? ഇ.ഡി തന്നെ കത്ത് പുറത്തു കൊടുക്കുകയാണ്. തനിക്ക് ഇ.ഡിയുടെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല.പ്രസ്ഥാനത്തെ തളർത്താനാണ് ശ്രമിച്ചത്. തെല്ലും തളർത്താൻ കഴിഞ്ഞില്ല എന്നതാണ് ചരിത്രം. ഇനിയും ഈ പ്രസ്ഥാനത്തെ തകർക്കാമെന്ന ദുർമോഹം ആർക്കും വേണ്ട. അവരോട് സഹതാപം രേഖപ്പെടുത്താനേ കഴിയൂ. എല്ലാം അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ടു പോകും. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സർക്കാരിനെതിരെ ആക്രമണം ഉണ്ടായി. എനിക്കെതിരെയും ആക്രമണം ഉണ്ടായി. മനുഷ്യത്വരഹിതമായ ആക്രമണം ആയിരുന്നു. ജനങ്ങൾ അതെല്ലാം ചവറ്റുകൊട്ടയിൽ തള്ളി. 2021ൽ വീണ്ടും സർക്കാർ അധികാരത്തിൽ എത്തിയെന്നും പിണറായി പറഞ്ഞു.
Fashion ⏭️


