NEWS
വിദ്യാർഥി സമരത്തിന്റെ മറവിൽ വ്യാജ വാർത്തകൾ; 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പൊലീസ്

ന്യൂഡൽഹി ∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിന്റെ മറവിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് ബ്ലോക്ക് ചെയ്തു. നിലവിലെ സാഹചര്യം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. ഇത്തരം അൺവെരിഫൈഡ് ഉള്ളടക്കങ്ങളിൽ വീണുപോകരുതെന്ന് പൊലീസ് വിദ്യാർഥികളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നാണ് വിഡിയോ സന്ദേശത്തിലൂടെ ഡൽഹി പൊലീസ് അറിയിച്ചത്. ‘‘ചില തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവരെ നാന്നൂറിലധികം പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇത്തരത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ഇവ ബ്ലോക്ക് ചെയ്തുവരികയാണ്’’ – പൊലീസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് സജീവമായിരുന്ന അക്കൗണ്ടുകൾ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Fashion ⏭️


