NEWS
അഴിമതിക്കാരെയാണോ പദവികളിൽ നിയമിക്കുന്നത്? രതീഷിന്റെ നിയമനത്തിൽ വിമർശനവുമായി കോടതി

കൊച്ചി ∙ കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്ടറുമായ കെ.എ.രതീഷ് ഇപ്പോഴും 3 സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം. ഗുരുതരമായ അഴിമതിക്കേസിൽ പ്രതിയായിട്ടുള്ള ആളെ എങ്ങനെയാണ് നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാർ ചർച്ച ചെയ്യണമെന്ന് ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് (കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിങ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയ പദവികളിൽ രതീഷ് തുടരുകയാണെന്ന് ഹർജിക്കാരനായ കെ.എം.ഷാജഹാൻ വാദിച്ചു. ഗുരുതരമായ അഴിമതി കേസിലെ പ്രതിയും സിബിഐക്ക് സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുള്ളതുമായ ആൾ നിലവിലെ പദവിയിൽ തുടരാൻ അർഹനല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ്, ‘ഗുരുതര ആരോപണങ്ങളാണ്’ എന്ന് കോടതി അഭിപ്രായപ്പെട്ടത്. അഴിമതിക്കാരെയാണോ ഇത്തരം സ്ഥലങ്ങളിൽ ഇരുത്തുന്നത് എന്നു ചോദിച്ച കോടതി അഴിമതി നടത്താൻ സാധ്യതയുള്ള പദവികളാണല്ലോ എന്നും വാക്കാൽ അഭിപ്രായപ്പെട്ടു. ഹർജിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടിസ് നൽകി.
Fashion ⏭️


