പവർകട്ടിൽ പ്രതികരിച്ച് മുഖ്യമന്ത്രി; അദാനിയിൽ നിന്ന് ഇടത് സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയെന്നും വിമർശനം

മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പവർകട്ടിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ തെറ്റായ പ്രചാരണം നടക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി ആവശ്യകതയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ട് വർദ്ധനവുണ്ടായി. എൽ നിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു. ഡാമിൽ വെള്ളം കുറഞ്ഞു. ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ മുൻ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാർ റദ്ദാക്കിയതിനുശേഷം അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് ഇടത് സർക്കാർ വൈദ്യുതി വാങ്ങി. ഈ കരാർ റദ്ദാക്കിയതും മുൻവർഷത്തേക്കാൾ ഉപഭോഗം ആയിരം മെഗാവാട്ട് കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്. കരാർ റദ്ദാക്കിയത് എന്തിനാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങുകയാണ്. 200 മെഗാവാട്ട് വാങ്ങി. മറ്റൊന്നിന് കൂടി ശ്രമിക്കുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വാങ്ങിയില്ല. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമല്ല എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary
The Chief Minister addressed frequent power cuts, refuting “false propaganda.” He attributed the crisis to record demand, a 1000 MW consumption increase, El Nino-induced low rainfall and dam levels, and national market shortages. The CM also criticized the former LDF government for cancelling a low-cost long-term power contract, leading to higher-priced purchases and exacerbating the current situation.


