NEWS
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വിവാദ ബാനർ: സ്കൂൾ സ്വീകരിച്ച നടപടി മൂന്നു ദിവസത്തിനകം അറിയിക്കണം

ചവറ തെക്കുംഭാഗം∙ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടു ഗുഹാനന്ദപുരം ഹയർസെക്കൻഡറി സ്കൂൾ കവാടത്തിനു മുന്നിൽ യൂണിഫോമിൽ കുട്ടികൾ ബാനർ പിടിച്ചു സംഭവത്തിൽ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള വിശദീകരണവും സ്കൂൾ സ്വീകരിച്ച നടപടിയും മൂന്നു ദിവസത്തിനകം സ്കൂൾ മാനേജിങ് കമ്മിറ്റിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു മാനേജർ ഡി.ഹരികുമാർ പ്രധാനാധ്യാപകർക്ക് കത്ത് നൽകി. ഏതാനും ദിവസം മുൻപാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ വിജയിച്ച വിദ്യാർഥികളെ ഹാരമണിയിച്ച് യുപി വിഭാഗം കുട്ടികളെക്കൊണ്ടു ബാനർ പ്രദർശിപ്പിച്ചത്. ഇത് പ്രചരിച്ചതോടെ വിവാദത്തിനു വഴിവച്ചു. ഇതുസംബന്ധിച്ചും കോൺഗ്രസും കെഎസ്‌യുവും പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്കൂൾ മാനേജ്മെന്റ് വിശദീകരണം ആവശ്യപ്പെട്ടു പ്രധാനാധ്യാപകർക്ക് കത്ത് നൽകിയത്. അതേസമയം കേസെടുക്കുന്നത് സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.സ്കൂളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ ബാനർ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ബാനർ സ്ഥാപിച്ചതിൽ എസ്എഫ്ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ബാനർ മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുകയും പ്രതിച്ഛായയ്ക്കും സൽപ്പേരിനും കളങ്കം വരുത്തുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. അടിയന്തര നടപടി ഇക്കാര്യത്തിലുണ്ടാകണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.
Fashion ⏭️




