NEWS

‘ചിലപ്പോൾ ഞാൻ മരിക്കും, അല്ലെങ്കിൽ രക്ഷപ്പെടും’; പുഴയിൽ അബോധാവസ്ഥയിൽ പെൺകുട്ടി, രക്ഷകനായി ബസ് ഡ്രൈവർ


കൊച്ചി ∙ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. വടക്കൻ പറവൂർ മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറ്റിലേക്ക് ചാടിയ ഇരുപതുകാരിയായ വിദ്യാർഥിനിയെയാണ് പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് മറ്റാരും ചാടാൻ ധൈര്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് അജേഷ് രക്ഷകനായത്. ചെങ്ങമനാട് സ്വദേശിയാണ് പെൺകുട്ടി. ബസ് ഓടിച്ചു വരുന്നതിനിടയിൽ പാലത്തിന് സമീപം ആളുകൾ കൂടിനിൽക്കുന്നത് കണ്ട് ബസ് നിർത്തി ഓടിയെത്തിയ അജേഷ്, പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ പുഴയിലേക്ക് ചാടുകയായിരുന്നു. ശക്തമായ ഒഴുക്കിനെതിരെ നീന്തി അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മുടിയിൽ പിടിച്ച് അദ്ദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.


Fashion ⏭️

Back to top button