NEWS
ബ്രിജ് മാൻ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു; വിവിധ നദികൾക്കു കുറുകെ നിർമിച്ചത് 127 തൂക്കുപാലങ്ങൾ

സുള്ള്യ (കർണാടക) ∙ ബ്രിജ് മാൻ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാ രാവിലെ സുള്ള്യയിലെ കെവിജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, കർണാടക, തെലുങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി 127 ലധികം തൂക്കുപാലം നിർമിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ സഞ്ചാര സൗകര്യത്തിന് വേണ്ടി പ്രവർത്തിച്ചതിനാലാണ് ഗിരീഷ് ഭരദ്വാജിന് ബ്രിജ് മാൻ ഓഫ് ഇന്ത്യ എന്ന പേര് ലഭിച്ചത്. 2017ൽ പത്മശ്രീ നൽകി ആദരിച്ചു. കേരളത്തിൽ മുപ്പതോളം തൂക്കുപാലം നിർമിച്ചിട്ടുണ്ട്. 1994ൽ കാസർകോട് പാണത്തൂരിൽ ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ 55 മീറ്ററിന്റെ തൂക്കുപാലം നിർമിച്ചാണു കേരളത്തിൽ ഗിരീഷിന്റെ യാത്ര തുടങ്ങുന്നത്. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഗിരീഷിനെ തേടിയെത്തി. കുത്തിയൊഴുകുന്ന നദികൾക്കു കുറുകെ 30 പാലങ്ങൾ നിർമിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ മിക്ക നദികൾക്കു കുറുകെയും തൂക്കു പാലങ്ങൾ നിർമിച്ചത് ഗിരീഷാണ്.
Source link


