NEWS

‘ഒരു  ചങ്ങലയും അവന്  വേണ്ടായിരുന്നു, എവിടെപ്പോയാലും  അമ്മയെ  കണ്ടിട്ടേ  പോകുള്ളൂ’; ബ്രഹ്മദത്തനെ ഓർത്ത് വേദനയോടെ പല്ലാട്ട് കുടുംബം 

പല്ലാട്ട് ബ്രഹ്മദത്തൻ

കോട്ടയം: ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ഇന്നലെയാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. ഇപ്പോഴിതാ ബ്രഹ്മദത്തൻ തങ്ങൾക്ക് മകനെ പോലെയായിരുന്നുവെന്ന് പറയുകയാണ് പല്ലാട്ട് കുടുംബം. ബ്രഹ്മദത്തന്റെ ഉടമകളായ രാജേഷും സഹോദരൻ സതീഷുമാണ് മാദ്ധ്യമങ്ങളോട് വികാരഭരിതരായത്. ചങ്ങലകൾ ഇല്ലാതെയും മുറ്റത്തും പറമ്പിലും ഓടിയെത്തിയിരുന്ന ശാന്തനായ മകനെയാണ് നഷ്ടപ്പെട്ടതെന്നും ഇവർ കൂട്ടിച്ചേർത്തു. ഏറ്റവും ഇഷ്ടമുള്ളത് ഈന്തപ്പഴമായിരുന്നുവെന്നും ദൂരെ പോയി തിരികെ വന്നാൽ അമ്മ കമലമ്മയെ കണ്ട് സ്നേഹം പങ്കിടുമായിരുന്നു ബ്രഹ്മദത്തനെന്നും ഇരുവരും പറഞ്ഞു.

’16വർഷമായേയുള്ളൂ ഞങ്ങളുടെ അടുത്ത് വന്നിട്ട്. മറക്കാൻ പറ്റില്ല. ഓമന ചേട്ടൻ ഉണ്ടായിരുന്ന കാലത്തും അതിനുശേഷവും ഞങ്ങളുടെ ജീവനായിരുന്നു. അഴിച്ചുവിട്ടാൽ നേരെ വീട്ടിൽ ചെന്ന് അമ്മയുടെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കും. സ്‌നേഹമുള്ള ജീവിയായിരുന്നു. സാധാരണ ആനയല്ല. ഞങ്ങളുടെ ജീവനായിരുന്നു. ഞങ്ങളുടെ ഒരാൾ പോയാൽ ഞങ്ങൾക്ക് വിഷമം ഉണ്ടാകില്ലേ.

ഇനി ഞങ്ങളുടെ ജന്മത്തിൽ ഇങ്ങനെ ഒരാളെ കിട്ടില്ല. ഇങ്ങനെ ഒരു ശാന്തനായ, ഇത്രയും ബുദ്ധിയുള്ള ഒരു ആനയെയും ഇനി കിട്ടില്ല. ഒരു ചങ്ങലയും വേണ്ടായിരുന്നു, ഞങ്ങൾ തടിമില്ലുണ്ടായിട്ട് പോലും ഒരു പ്രാവശ്യം പോലും തടി പിടിപ്പിച്ചിട്ടില്ല. ഒരു അസുഖവും അവന് ഇല്ലായിരുന്നു. എവിടെപ്പോയാലും അമ്മയെ കണ്ടിട്ടേ പോകുള്ളൂ. തിരിച്ചുവരുമ്പോഴും അതുപോലെ ആയിരുന്നു’- സതീഷ് പറഞ്ഞു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ഈ ആനയായിരുന്നു. 25 വർഷം പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അന്തരിച്ചപ്പോൾ അവിടെ കൊണ്ടുചെന്ന ആന പാപ്പാന്റെ മൃതദേഹത്തിൽ തുമ്പിക്കൈ കൊണ്ട് തൊട്ട് നമസ്കരിച്ചത് ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രത്യേകിച്ച് മദ്ധ്യകേരളത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത ആനയായിരുന്നു ബ്രഹ്മദത്തൻ.

English Summary

Gajarathnam Pallattu Brahmadathan, a beloved elephant known for temple festivals across Kerala, died after being struck by lightning. The Pallattu family remembered Brahmadathan as a gentle and intelligent member of their family who was deeply attached to his mother figure, Kamalamma. They said his loss has left them heartbroken.
RELATED TOPICS: BRAHMADATHAN ELEPHANT, PALLATTU BRAHMADATHAN, KERALA ELEPHANT, ELEPHANT DEATH, PALLATTU FAMILY

Read News ⏭️

Back to top button