NEWS

‘ഇൻഫ്ലുവൻസറായി’ ഇൻഫ്ലുവൻസ; 10 ദിവസത്തിനിടയിൽ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത് 25 പേർക്ക്: ജാഗ്രതവേണം


പത്തനംതിട്ട ∙ ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു. 10 ദിവസത്തിനിടയിൽ 25 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ഒട്ടേറെപ്പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു. ഇക്കാലയളവിൽ 17 പേർക്കു ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വ്യാപകമാകുന്ന വൈറൽ പനി കടുത്ത ശ്വാസകോശ അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രായമുള്ളവർക്കാണു രോഗാവസ്ഥ കൂടുതൽ തീവ്രമാകുന്നത്.വൈറസ് ബാധ കാരണമുണ്ടാകുന്ന എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ വിഭാഗത്തിലെ രോഗങ്ങളാണ് അപകടകാരികൾ. ശ്വാസകോശത്തിലെ അണുബാധ, നീണ്ടുനിൽക്കുന്ന ചുമ തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കരുതൽ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴക്കാലത്തിന്റെ തുടക്കം മുതൽ ജില്ലയിൽ സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പിടിപെടുന്നുണ്ട്. തുടർന്നു ഡ്രൈ ഡേ ആചരണവും ആരംഭിച്ചിരുന്നു. ഓരോ ആഴ്ചയിലെയും കണക്കുകൾ അനുസരിച്ചു ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചു രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും പകർച്ചവ്യാധികൾ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ല. വീണ്ടും മഴയെത്തിയതോടെ രോഗങ്ങൾ ഇനിയും കൂടിയേക്കും.


Fashion ⏭️

Back to top button