NEWS
രണ്ടു സ്പാനുകൾ കൂടി പൂർത്തിയായാൽ എറണാകുളവും തൃശൂരും തമ്മിൽ തൊടും; അഴീക്കോട് – മുനമ്പം പാലം പൂർത്തിയാകുന്നു

കൊടുങ്ങല്ലൂർ ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. രണ്ടു സ്പാനുകൾ കൂടി പൂർത്തിയായാൽ അഴീക്കോട് മുതൽ മുനമ്പം വരെ പാലം കര തൊടും. ഇൗ വർഷം അവസാനം പാലം തുറന്നുനൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അഴീക്കോട് ഭാഗത്തെ പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നേരത്തെ പൂർത്തിയായി. തീരദേശവാസികളുടെ ചിരകാലാഭിലാഷമായ അഴീക്കോട് – മുനമ്പം പാലം നിർമാണം 2023 നവംബർ 13നാണ് തുടങ്ങിയത്. പാലം നിർമാണവുമായി ബന്ധപ്പെട്ടു 80 ശതമാനം പ്രവൃത്തികളും പൂർത്തിയായി. പുഴയിലും കരയിലുമായി 200 പൈലുകൾ ആണ് നിർമിച്ചത്. 52.6 മീറ്റർ നീളമുള്ള സ്പാനുകൾ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഘടിപ്പിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പുഴയിൽ നിർമിച്ച തൂണുകൾക്ക് മീതെ കോൺക്രീറ്റ് ചെയ്ത സ്പാനുകൾ ഘടിപ്പിച്ചു പാലം നിർമിക്കുന്നത് അപൂർവമാണ്. മറ്റു സ്ഥലങ്ങളിൽ സ്പാനുകൾ നിർമിച്ചു പുഴയിൽ എത്തിച്ചു ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല.
Fashion ⏭️


