ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ചെറുവയൽ രാമന്

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ 2025ലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡിന് വയനാട് സ്വദേശിയും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അർഹനായി. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരമെന്ന് മന്ത്രി ടി. സിദ്ധിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി. അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു. പത്ത് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. വി.വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി. 5 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. കെ. വിശ്വനാഥൻ സ്മാരക നെൽക്കതിർ അവാർഡിന് നെന്മേനി പാടശേഖര സമിതി അർഹമായി. 3 ലക്ഷവും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം തൃശൂർ സ്വദേശി രാജ നാരായണന് ലഭിച്ചു. കേരകേസരി അവാർഡ് കോഴിക്കോട് സ്വദേശി കെ.കെ.സേവ്യറിനാണ്. മികച്ച ജൈവ കർഷകനുള്ള പുരസ്കാരത്തിന് കൊടുങ്ങല്ലൂർ സ്വദേശി വി.വൈ ഷാജഹാൻ അർഹനായി. 2 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ പുരസ്കാരങ്ങൾ.
യുവ കർഷകനുള്ള പുരസ്കാരം പൊഴുതന സ്വദേശി കെ.ഹാഷിഖിനാണ്. വനിതകൾക്കുള്ള കർഷക തിലകം കാസർകോട് പുല്ലൂർ സ്വദേശി കെ.സാവിത്രിക്ക് ലഭിച്ചു. മികച്ച ഹൈടെക് കർഷകനായി ചിതറ സ്വദേശി പി. പുഷ്പഹാസും ഹരിത മിത്ര അവാർഡിന് തളിപ്പറമ്പിലെ കെ.രജീഷും തിരഞ്ഞെടുക്കപ്പെട്ടു. കർഷകജ്യോതി പുരസ്കാരം കോട്ടയം കടപ്ലാമറ്റത്തെ വി കിഷോറിനാണ്. മികച്ച തേനീച്ച കർഷകനുള്ള അവാർഡ് മലപ്പുറം വണ്ടൂർ സ്വദേശി കെ.പി അനീഷ് നേടി. ശ്രമശക്തി പുരസ്കാരം തിരുവനന്തപുരം സ്വദേശി വി സുനിലാൽ, വയനാട് സ്വദേശി കെ.എസ് ശ്രീനോജ് എന്നിവർ പങ്കിട്ടു. 1 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. ആഗസ്റ്റ് 17ന് കളമശേരി ആശിഷ് കൺവവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും.


