NEWS
പേളിക്ക് 4 ലക്ഷം, എനിക്കും നഷ്ടമായത് 70000 ഫോളോവേഴ്സിനെ, അഞ്ജലിക്കും ഇതേ അവസ്ഥ: അഖിൽ മാരാർ

ട്വന്റി 20 പാർട്ടിക്കും സാബു ജേക്കബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് വ്യക്തിപരമായും സാമ്പത്തികമായും വലിയ നഷ്ടങ്ങളാണ് തനിക്ക് സംഭവിച്ചതെന്നും താൻ നേരിട്ട അവഗണനകൾക്കും ആരോപണങ്ങൾക്കും ഇനി മറുപടി പറയേണ്ട ബാധ്യതയില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അഖിൽ മാരാർ വ്യക്തമാക്കി. മാർച്ച് 15-ന് തന്നെ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാനുള്ള സന്നദ്ധത കാണിച്ച് സാബു ജേക്കബിന് സന്ദേശം അയച്ചിരുന്നതായി അഖിൽ മാരാർ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ വലിയ തർക്കമുണ്ടായെന്നും, തന്നോട് വൈകാരികമായി തർക്കിക്കുകയാണ് ഉണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു. ട്വന്റി 20-ക്ക് തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി സംഘടനാപരമായി പണം നൽകിയിട്ടുണ്ട് ണ്ടെന്നും താനുൾപ്പെടെയുള്ള താരങ്ങളെ കൊണ്ടുവന്നത് കൂടുതൽ പണം വാങ്ങാനാണെന്നും അഖിൽ മാരാർ ആരോപിക്കുന്നു. പേർളി മാണിയെപ്പോലെ തനിക്കും ഫോളോവെഴ്സിനെ നഷ്ടമായെന്നും ഇനിയും ഈ പ്രസ്ഥാനത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് ബാധ്യതയില്ലെന്നും അഖിൽ മാരാർ പറഞ്ഞു. അഖിൽ മാരാരുടെ വാക്കുകൾ: ഇതൊക്കെ കേൾക്കാൻ ഞാൻ തയാറാണ്. പക്ഷേ, ഇതിനൊക്കെ കാരണക്കാരനായ ഒരാൾ അപ്പുറത്ത് യാതൊരു മറുപടിയും തരാതെ, ഒരക്ഷരം മിണ്ടാതെ സുഖിച്ചു നിൽക്കുകയാണ്. നമ്മളെയൊന്ന് വിളിച്ചു സമാധാനിപ്പിക്കാനോ അടുത്ത കാര്യങ്ങൾ പറയാനോ അവർ തയ്യാറാകുന്നില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്തിനാണ് ഈ പഴിയൊക്കെ കേൾക്കുന്നത്? അഞ്ജലിക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. അഞ്ജലി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിട്ടുള്ളത്, പോകുന്നിടത്തെല്ലാം ഇതിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആളുകൾ ചോദിക്കുന്നുണ്ടെന്നാണ്. അഞ്ജലിക്കും ഇതിൽ നിന്ന് അഞ്ചു പൈസ പോലും ആരും നൽകിയിട്ടില്ല. തൃപ്പൂണിത്തുറയിൽ ചിലപ്പോൾ ഫ്ലക്സും പോസ്റ്ററും അടിച്ചിട്ടുണ്ടാകാം; അതിൽ പലതും പ്രോപ്പർ ആയി ഒട്ടിക്കുകയോ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അവർ അതിന്റെ പൈസ ചിലവാക്കിയിട്ടുണ്ട്.
Fashion ⏭️


