SPORTS

‘സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട’: തുറന്നടിച്ച് താരം


മുംബൈ ∙ ഇന്ത്യൻ ടീമിൽ പലപ്പോഴും ബെഞ്ചിലിരിക്കേണ്ടി വരുന്നതിന്റെയും ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്നുള്ള വിമർശനങ്ങളോടും പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിനു മുൻപു തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്താനും സ്വന്തം ഇഷ്ടപ്രകാരം ക്രിക്കറ്റ് കളിക്കാനും താൻ തീരുമാനിച്ചിരുന്നതായി സഞ്ജു പറഞ്ഞു. ടീമിലിടം കിട്ടാൻ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെത്തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, പക്ഷേ ഞാൻ അത് എന്റെ രീതിയിൽ ചെയ്യും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒരു ഘട്ടത്തിൽ ഞാൻ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയും? ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.’’– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു. പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. നിങ്ങൾ ഒരുപാട് സംസാരിച്ചാൽ, നിങ്ങൾ അഹങ്കാരിയായി ചിത്രീകരിക്കപ്പെടും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ഞാൻ ശാന്തമായി, ‘നമുക്ക് നോക്കാം’എന്ന് ആംഗ്യം കാണിച്ചു. പക്ഷേ എന്റെ പ്ലാനുകൾ തയാറായിരുന്നു. ഈ സഞ്ജു സാംസൺ ഒരു വർഷം മുൻപുള്ള സഞ്ജു സാംസൺ അല്ലെന്ന് എനിക്കറിയാമായിരുന്നു. വെസ്റ്റിൻഡീസിനെതിരെയുള്ള ആ ഇന്നിങ്സിന് ശേഷം എനിക്ക് വലിയ തോതിൽ സ്വയം ബോധ്യം വന്നിരുന്നു, എന്നെക്കുറിച്ച് എനിക്ക് പൂർണ്ണ ഉറപ്പുമുണ്ടായിരുന്നു. അവിടെ സംശയങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. എന്റെ രാജ്യത്തിനായി ഞാൻ അത് ചെയ്യാൻ പോവുകയായിരുന്നു, അതിനെ തടയാൻ ആർക്കും കഴിയില്ലായിരുന്നു.’’


Auto ⏭️

Back to top button