NEWS

വിമാനങ്ങളുടെ പറക്കലിന് ഭീഷണി;​ മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡ്

തിരുവനന്തപുരം എയർപോർട്ട്

തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി എയർപോർട്ട് സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപ്പറേഷൻ സെക്രട്ടറി. മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡിനെ നഗരസഭ ഏർപ്പെടുത്തിയത്.

കഴിഞ്ഞവർഷം ഏപ്രിൽ 15 ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവെയ്സ് വിമാനത്തിൽ പരുന്തിടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് കർശന നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകിയത്. പ്രദേശത്തെ വീടുകളിൽ അജൈവമാലിന്യം ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിന് ഹരിതകർമ സേനയെ നിയോഗിച്ചതായി നഗരസഭ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്ക്കരണത്തിന് വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻ എസ് ഡിപ്പോ എന്നിവിടങ്ങളിൽ അഞ്ച് എയറോബിക് ബിന്നുകളും സ്ഥാപിച്ചു.

കമ്മീഷൻ കേസ് പരിഗണിച്ചപ്പോൾ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറാണ് ഹാജരായത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിൽ യാതൊരു കാരണവശാലും അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് നഗരസഭാ അധികൃതർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചത്.

English Summary

Thiruvananthapuram Corporation has deployed a 24/7 Airport Squad to prevent waste dumping within a four-kilometre radius of the airport, following directions from the Human Rights Commission. The move comes after a bird strike damaged an Oman Air aircraft last year. Officials have strengthened waste management measures, including door-to-door collection, kitchen bins, and aerobic waste treatment facilities.
RELATED TOPICS: AIRPORT SAFETY, WASTE DUMPING, THIRUVANANTHAPURAM AIRPORT, BIRD HIT RISK, WASTE MANAGEMENT SQUAD

Read News ⏭️

Back to top button