NEWS
‘ഷുഹൈബിന്റെ ഗതി വരും’; പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി

കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനു വധഭീഷണി. ‘കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി വരും. ഭരണം ഉണ്ടായിരുന്നതാണ് ഫർസീനെ വധിക്കുന്നതിനു തടസ്സമായി നിന്നത്. ഭരണം ഇല്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കും’ എന്നാണ് ഭീഷണി. താനും കുടുംബാംഗങ്ങളും ഭീതിയിലാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫർസീൻ മുഖ്യമന്ത്രി വി.ഡി. സതീശനു പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ 3.20 നും രാത്രി 9.52 നും ഗൾഫിൽ നിന്നുള്ള രണ്ട് ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.2022 ജൂൺ 13 ന് കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ തനിക്കും രണ്ട് സഹപ്രവർത്തകർക്കുമെതിരെ എൽഡിഎഫ് സർക്കാർ വധശ്രമക്കേസ് ചുമത്തി ജയിലിലടച്ചിരുന്നുവെന്ന് ഫർസീൻ മജീദ് പരാതിയിൽ പറയുന്നു. പിന്നീട് കോടതിയെ സമീപിച്ചപ്പോൾ, പിണറായി വിജയനോടൊപ്പം യാത്ര ചെയ്തിരുന്ന ഇ.പി. ജയരാജനും ഗൺമാൻ അനിലും പിഎ ആയിരുന്ന സുനീഷുമാണ് തങ്ങളെ അകാരണമായി ആക്രമിച്ചതെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോടതി നിർദേശപ്രകാരം തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ മൊഴി നൽകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി വരുന്നതെന്നും പരാതിയിലുണ്ട്.
Source link


