HEALTH
36 ടൺ വ്യാജ നെയ്യ് പിടികൂടി; ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ

ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ രംഗത്തെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദിൽ വൻതോതിൽ മായം കലർത്തിയ നെയ്യ് പിടികൂടി. കമ്മീഷണേഴ്സ് ടാസ്ക് ഫോഴ്സിന്‍റെ ഹൈദരാബാദ് ഫൂഡ് അഡൾട്ടറേഷൻ സർവൈലൻസ് ടീമും (എച്ച്-ഫാസ്റ്റ്) ഫുഡ് സേഫ്റ്റി വകുപ്പും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് ഏകദേശം 36 ടണ്ണോളം മായം കലർന്ന നെയ്യും അസംസ്കൃത വസ്തുക്കളും രാസവസ്തുക്കളും പിടിച്ചെടുത്തത്. ഹൈദരാബാദ് പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. ഹൈദരാബാദിലെ വിവിധ മേഖലകളിലായി നെയ്യ് നിർമ്മിക്കുന്ന 39 യൂണിറ്റുകൾ ഉൾപ്പെടെ ആകെ 130 സ്ഥാപനങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. പാം ഓയിൽ, വനസ്പതി, പാൽപൊടി, സ്റ്റാർച്ച് എന്നിവയോടൊപ്പം കൃത്രിമ നെയ്യുടെ സുഗന്ധവും മറ്റ് അപകടകരമായ രാസവസ്തുക്കളും ചേർത്ത് വ്യാജ നെയ്യ് നിർമ്മിക്കുകയായിരുന്നു സംഘം. 25.5 ടൺ മായം കലർന്ന നെയ്യും, 8.7 ടൺ ക്രീമും, 1,200 ലിറ്റർ പാം ഓയിലും, 600 ലിറ്റർ വനസ്പതിയും മറ്റ് രാസവസ്തുക്കളും പിടിച്ചെടുത്തതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർ അറിയിച്ചു. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയിൽ 10 മുതൽ 40 ശതമാനം വരെ മായം ചേർത്താണ് ഈ വ്യാജ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിരുന്നത്. തുടർന്ന് ഇവ ‘100 ശതമാനം ശുദ്ധമായ നെയ്യ്’, ‘പ്രീമിയം നെയ്യ്’, ‘ഫാം ഫ്രഷ് നെയ്യ്’ തുടങ്ങിയ ആകർഷകമായ ലേബലുകളിൽ വിപണിയിൽ വിറ്റഴിക്കുകയായിരുന്നു. പിടിച്ചെടുത്ത പല പാക്കറ്റുകളിലും എഫ്.എസ്.എസ്.ഐ (FSSAI) ലൈസൻസ് നമ്പറുകൾ, ബാച്ച് നമ്പർ, ഉത്പാദന തീയതി, കാലാവധി തീരുന്ന തീയതി തുടങ്ങിയ നിർബന്ധിത വിവരങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല എന്നത് ഗൗരവകരമായ കാര്യമാണ്. തെലങ്കാനയിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പ്രമുഖ റെസ്റ്റോറന്റുകൾ, ടിഫിൻ സെന്ററുകൾ, പലഹാര നിർമ്മാണ യൂണിറ്റുകൾ, ബേക്കറികൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഡയറി ഷോപ്പുകൾ, ആയുർവേദ മരുന്ന് കടകൾ എന്നിവയിലേക്കൊക്കെയാണ് ഈ സിന്തറ്റിക് നെയ്യ് വൻതോതിൽ വിതരണം ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പാൽ ക്രീം ശേഖരിച്ച്, പലതരം വിലകുറഞ്ഞ പകരം ചേരുവകൾ ഉപയോഗിച്ച് തുച്ഛമായ ചെലവിലാണ് വ്യാജ നെയ്യ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ഇത് യഥാർത്ഥ നെയ്യെന്ന വ്യാജേന ഉയർന്ന വിലയ്ക്കാണ് ഉപഭോക്താക്കൾക്ക് വിറ്റിരുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുനിന്ന് ഗുണനിലവാര പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മുഴുവൻ സാമഗ്രികളും തുടർ നിയമനടപടികൾക്കായി ഭക്ഷ്യസുരക്ഷാ അധികാരികൾക്ക് കൈമാറി. ഇത്തരം അനധികൃത എണ്ണകളും രാസവസ്തുക്കളും അടങ്ങിയ ഉൽപ്പന്നങ്ങൾ നിരന്തരം കഴിക്കുന്നത് ശരീരത്തിൽ ട്രാൻസ് ഫാറ്റിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഹൃദയോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനൊപ്പം ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കരൾ, വൃക്ക രോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉപഭോക്താക്കൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നെയ്യും മറ്റ് പാലുൽപ്പന്നങ്ങളും വിശ്വസനീയവും ലൈസൻസുള്ളതുമായ കടകളിൽ നിന്ന് മാത്രം വാങ്ങണമെന്നും, കവറുകളിലെ FSSAI വിവരങ്ങളും പാക്കേജിംഗും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യവുമായി പന്താടുന്ന ഇത്തരം മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Life Style ⏭️


