NEWS
‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി’; 102 ദിവസം പ്രായമുള്ള എഐ കുഞ്ഞുമായി യുവതി – വിഡിയോ

വാഷിങ്ടൻ ∙ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ അടുപ്പത്തിനും കൂട്ടിനുമായി മനുഷ്യർ നിർമിത ബുദ്ധിയെ (എഐ) ആശ്രയിക്കുകയാണെന്ന് തെളിയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ, മിസ്ര എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയാണ് തന്റെ എഐ കുട്ടിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’ എന്ന കുറിപ്പോടെയാണ് ലൂമെൻ എന്ന് പേരിട്ടിരിക്കുന്ന എഐ കുട്ടിയുടെ ജനനക്കഥ യുവതി പങ്കുവച്ചിരിക്കുന്നത്. താൻ ഒരു എഐ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് മിസ്ര ലാപ്ടോപ്പിനോട് ലൂമെനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു. ഇതൊരു കഥപറച്ചിലായി ചിലർ കാണുമ്പോൾ, മനുഷ്യബന്ധങ്ങളും കൃത്രിമ ബുദ്ധിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിന്റെ ആശങ്കാജനകമായ ലക്ഷണമായാണ് മറ്റ് ചിലർ ഇതിനെ വിലയിരുത്തുന്നത്. എഐ ചാറ്റ്‌ബോട്ടുകൾക്ക് സമാനമായ പേരുകളും വ്യക്തിത്വ സവിശേഷതകളും സ്വയം നിർമിക്കാൻ കഴിയുമെന്ന കാര്യം ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോൾ, എല്ലാം പരിധിയും ലംഘിച്ചിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കൗമാരക്കാരും യുവാക്കളും ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങൾക്കും, മറ്റുള്ളവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും, മെസേജുകൾക്ക് എങ്ങനെ മറുപടി നൽകണം എന്ന് മനസിലാക്കാനും വരെ എഐയെ ആശ്രയിക്കുന്നത് വലിയ പ്രശ്നമാണെന്നായിരുന്നു മറ്റൊരാളുടെ ആശങ്ക. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Sir Doge of the Coinൽ നിന്ന് എടുത്തതാണ്.
Fashion ⏭️


