NEWS
വരുന്നു ‘ഗോഡ്സില്ല’; യുദ്ധത്തേക്കാളും ‘സൂപ്പർ’ വില്ലൻ, ഇന്ത്യയ്ക്കും ആഘാതം, ജിഡിപി ഇടിയും, വില കത്തും

പശ്ചിമേഷ്യൻ യുദ്ധവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവപ്പിടിവാശിയും മൂലം ഇപ്പോഴേ പ്രതിസന്ധിയിലായ ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങളെ കൂടുതൽ പിടിച്ചുലയ്ക്കാൻ പുതിയൊരു വില്ലൻ വരുന്നു. ‘അവനാകട്ടെ’ ഏറ്റവുമധികം നാശംവിതയ്ക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും എന്നാണ് ഏഷ്യൻ വികസന ബാങ്കും (എഡിബി) ഫിലിപ്പീൻസിന്റെ കേന്ദ്ര ബാങ്കും ഉൾപ്പെടെ നൽകുന്ന സൂചനകൾ. ഹോർമുസ് അടച്ചതും എണ്ണവില കൂടിയതുമൊക്കെ വിതച്ച ആഘാതത്തിന്റെ പ്രകമ്പനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന വാദങ്ങളുണ്ട്. അതിനിടെയാണ്, ഇപ്പോൾ കൂടുതൽ തിരിച്ചടിയുമായി ‘വില്ലന്മാരേക്കാളും വലിയ വില്ലൻ’ വരുന്നത്. നിലവിൽതന്നെ ‘എൽ-നിനോ’ വിതച്ച നാശത്തിന്റെ കെടുതിയിലാണ് ലോകം. ഗോഡ്സില്ല വരുന്നു, ഷോക്ക് ഇന്ത്യയ്ക്കും ‘ചെറിയ കുട്ടി’ എന്നാണ് സ്പാനിഷിൽ എൽ-നിനോയ്ക്ക് അർഥം. മഴയെ തട്ടിയകറ്റുക, അന്തരീക്ഷമാകെ ചൂടുപിടിപ്പിക്കുക, വരൾച്ചയുണ്ടാക്കുക എന്നിവയാണ് എൽ-നിനോയുടെ പ്രധാന വില്ലത്തരങ്ങൾ. എൽ-നിനോ ഇത്തവണ സൂപ്പർ എൽ-നിനോ ആയിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ, ആ സൂപ്പർ വില്ലനെയും കവച്ചുവയ്ക്കുന്ന ‘ഗോഡ്സില്ല’ എൽ-നിനോയാണ് വരുന്നതെന്ന് വിദഗ്ധർ പറയുന്നു. അടുത്ത 4-5 മാസത്തേക്കെങ്കിലും ഈ ഷോക്ക് സമ്പദ്വ്യവസ്ഥകളെ മെല്ലെ എരിക്കുമെന്ന് ഫിലിപ്പീൻസ് കേന്ദ്രബാങ്ക് ഡെപ്യൂട്ടി ഗവർണർ സെനോ റൊണാൾഡ് അബെനോയ ഫിനാൻഷ്യൽ ടൈംസിനോട് അഭിപ്രായപ്പെട്ടു. ഇപ്പോഴേ ലോകത്ത് പലയിടത്തും ചൂട് (താപനില) അസാധാരണമാംവിധം കൂടിയെന്ന റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഇത് വരൾച്ച രൂക്ഷമാക്കുകയും കാർഷികോൽപാദനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഇന്ത്യയിൽ ഈവർഷം ജൂൺ-സെപ്റ്റംബറിൽ മൺസൂൺ മഴ കുറഞ്ഞത് 13 ശതമാനമാണെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കിയിട്ടുണ്ട്. ഗോഡ്സില്ല പക്ഷേ, സ്ഥിതി കൂടുതൽ മോശമാക്കുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം കത്തും; ജിഡിപി ഇടിയും ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കത്തിക്കയറിയതും ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനക്ഷാമവും യുഎസ്, യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉലച്ചുകഴിഞ്ഞു. പല രാജ്യങ്ങളും കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ പൊതുവിപണിയിൽ ഇറക്കി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ സബ്സിഡികൾ വാരിവിതറുകയാണ് പല സർക്കാരുകളും. ഗോഡ്സില്ല വിതയ്ക്കുന്ന നാശം വിവിധ ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പണപ്പെരുപ്പം, ജിഡിപി എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം: ഇന്ത്യ ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 2.1% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 5% ∙ 2025ലെ ജിഡിപി: 7.8% ∙ 2026ൽ പ്രതീക്ഷ: 7% ചൈന ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 0% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 0.6% ∙ 2025ലെ ജിഡിപി: 5% ∙ 2026ൽ പ്രതീക്ഷ: 4.6% പാക്കിസ്ഥാൻ ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 4.5% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 7.1% ∙ 2025ലെ ജിഡിപി: 3.2% ∙ 2026ൽ പ്രതീക്ഷ: 3.7% ഫിലിപ്പീൻസ് ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 1.7% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 5.9% ∙ 2025ലെ ജിഡിപി: 4.4% ∙ 2026ൽ പ്രതീക്ഷ: 3.3% വിയറ്റ്നാം ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 3.3% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 4.3% ∙ 2025ലെ ജിഡിപി: 8% ∙ 2026ൽ പ്രതീക്ഷ: 7.8% ബംഗ്ലദേശ് ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 10% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 8.7% ∙ 2025ലെ ജിഡിപി: 3.5% ∙ 2026ൽ പ്രതീക്ഷ: 3.7% തായ്ലൻഡ് ∙ 2025ലെ ശരാശരി പണപ്പെരുപ്പം: -0.1% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 2.5% ∙ 2025ലെ ജിഡിപി: 2.4% ∙ 2026ൽ പ്രതീക്ഷ: 2% ഇന്തൊനീഷ്യ ∙ 2025ലെ ശരാശരി പണപ്പെരുപ്പം: 1.9% ∙ 2026ൽ പ്രതീക്ഷിക്കുന്നത്: 3.3% ∙ 2025ലെ ജിഡിപി: 5.1% ∙ 2026ൽ പ്രതീക്ഷ: 5.2% പലിശഭാരവും കൂടും പണപ്പെരുപ്പം, മഴക്കുറവ്, വരൾച്ച, കാർഷികോൽപാദത്തിലെ ഇടിവ് എന്നിവ പല രാജ്യങ്ങളെയും വെട്ടിലാക്കിക്കഴിഞ്ഞു. നിയന്ത്രണപരിധി വിട്ടുയർന്ന പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ നിർബന്ധിതരാവുകയാണ് പല കേന്ദ്രബാങ്കുകളും. യുഎസിൽ ഫെഡറൽ റിസർവ് കഴിഞ്ഞ യോഗത്തിൽ പലിശനിരക്ക് 0.25% കൂട്ടി. ഇന്ത്യയിൽ റിസർവ് ബാങ്കും ഈയാഴ്ചയിലെ യോഗത്തിലും ഡിസംബറിലെ യോഗത്തിലും റീപ്പോനിരക്ക് 0.25% വീതം കൂട്ടുമെന്നാണ് വിലയിരുത്തൽ. അങ്ങനെസംഭവിച്ചാൽ സാധാരണക്കാർക്കും ബിസിനസ് ലോകത്തിനും അത് ഒരുപോലെ തിരിച്ചടിയാകും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഉൾപ്പെടെ പലിശഭാരം കൂടും. തിരിച്ചടിയുടെ മാസങ്ങൾ എൽ-നിനോ ആഘാതം നവംബറിലാകും കൂടുതൽ വഷളായി തുടങ്ങുകയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഡിസംബറിൽ കൂടുതൽ മോശമാകും. 2027 ഫെബ്രുവരി വരെയെങ്കിലും കെടുതി തുടരും. ചില മേഖലകളിൽ മഴക്കുറവും വരൾച്ചയുമാണ് സംഭവിക്കുകയെങ്കിൽ മറ്റുചില ഇടങ്ങളിൽ പേമാരിക്കും പ്രളയത്തിനുമാണ് സാധ്യതയെന്നും അവർ പറയുന്നു. ചില മേഖലകളിൽ കടൽകയറ്റവുമുണ്ടാകും. ഇക്കുറി മൺസൂൺ (കാലവർഷം) കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും കുറവായിരിക്കുമെന്ന് ഇന്ത്യയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്തൊനീഷ്യയിൽ വയലുകൾക്ക് കർഷകർ തീയിട്ടത് എൽ-നിനോയുടെ ശക്തി കൂട്ടിയെന്നും കരുതുന്നു. ഭക്ഷ്യവില കത്തും; ജിഡിപി വീഴും ∙ കാലംതെറ്റിയുള്ള മഴ, പേമാരി, വെള്ളപ്പൊക്കം എന്നിവ എൽ-നിനോ വിതയ്ക്കുന്ന നാശങ്ങളാണ്. ∙ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയിൽ ഉൽപാദനം കുത്തനെ ഇടിയാൻ എൽ-നിനോ ഇടയാക്കും. ഇതിന്റെ പ്രകമ്പനം കാർഷിക മേഖലയെ മാത്രമല്ല, ഗ്രാമീണ സമ്പദ്വ്യവസ്ഥ, ഉപഭോക്തൃവിപണി (പ്രത്യേകിച്ച് എഫ്എംസിജി), ബാങ്കിങ്, സ്റ്റോക്ക് മാർക്കറ്റ്, വാഹന വിപണി തുടങ്ങിയ മേഖലകളെയും ബാധിക്കും. കാർഷിക ഉൽപാദനം കുറയുന്നത് പണപ്പെരുപ്പം കൂടാനും ഇടയാക്കും. ഭക്ഷ്യവില കുതിക്കും. ജിഡിപിയും ഇടിയും. ∙ യുദ്ധംമൂലം വളം വില കത്തിക്കയറിയതുതന്നെ കാർഷിക മേഖലയെ ഉലച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് മൺസൂണിനെ തട്ടിത്തെറിപ്പിച്ചുള്ള എൽ-നിനോയുടെ വരവ് എന്നത് ഇന്ത്യൻ കാർഷികമേഖലയ്ക്ക് കനത്ത ആഘാതമാകും. ഇക്കുറി ‘ഗോഡ്സില്ല’ എൽനിനോ കൂടിയാകുമ്പോൾ പ്രതിസന്ധി കൂടുതൽ കടുക്കും.
Fashion ⏭️




