ഉർവിൽ പട്ടേലിന്റെ ഇരട്ട സെഞ്ചറിയിൽ ഗുജറാത്തിന് കൂറ്റൻ സ്കോർ; കേരളം തകർച്ചയിൽ

അഹമ്മദാബാദ്∙ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച കേരളം തുടക്കത്തിലേ പതറുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ് കേരളം. നേരത്തെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 534 റൺസ് എന്ന നിലയിൽ ഗുജറാത്ത് തങ്ങളുടെ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ചുറിയുമായി കളം നിറഞ്ഞ ഉർവിൽ പട്ടേലാണ് ഗുജറാത്തിന് കൂറ്റൻ സ്കോറിലേക്ക് കുതിക്കാൻ കരുത്തുപകർന്നത്.
എട്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഉർവിൽ പട്ടേലും അമിത് ദേശായിയും ചേർന്ന് 78 റൺസ് ടീം സ്കോറിലേക്ക് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത അമിത്തിനെ പുറത്താക്കി ആദിത്യ സർവാടെയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തുടർന്ന് ക്രീസിലെത്തിയ സിദ്ധാർഥ് ദേശായി ഉർവിലിന് മികച്ച പിന്തുണയാണ് നൽകിയത്. ഉർവിൽ ബാറ്റുകൊണ്ട് അഴിഞ്ഞാടി ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചപ്പോൾ, വിക്കറ്റ് കളയാതെ ഉറച്ചുനിൽക്കാനാണ് സിദ്ധാർഥ് ശ്രമിച്ചത്. ഇരുവരും ചേർന്ന് 82 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, ഇതിൽ 18 റൺസ് മാത്രമാണ് സിദ്ധാർഥിന്റെ സംഭാവന. സിദ്ധാർഥ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. 210 റൺസുമായി പുറത്താകാതെ നിന്ന ഉർവിൽ പട്ടേൽ, 227 പന്തുകളിൽ നിന്ന് 17 ഫോറുകളും ആറ് സിക്സറുകളും അടക്കം അടിച്ചുകൂട്ടിയാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിന് വേണ്ടി എൻ.പി.ബേസിൽ മൂന്ന് വിക്കറ്റുകളും ആദിത്യ സർവാടെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.




