ലഫ്. കേണൽ സാലിം ബിൻ അലിക്ക് പുരസ്കാരം: പ്രവാസികളുടെ പ്രിയ ശബ്ദത്തിന് അംഗീകാരം

ദുബായ്: വീസയുമായി ബന്ധപ്പെട്ട ചട്ടങ്ങളും താമസ രേഖകളിലെ നടപടിക്രമങ്ങളും ജനങ്ങളിലേക്ക് കൃത്യതയോടെ എത്തിക്കുന്നതിൽ മികച്ച സേവനം കാഴ്ചവെച്ച ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥൻ ലഫ്. കേണൽ സാലിം മുഹമ്മദ് ബിൻ അലിക്ക് ഉന്നത പുരസ്കാരം. പതിമൂന്നാമത് ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ് ദാന ചടങ്ങിൽ മികച്ച ഔദ്യോഗിക വക്താവിനുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ഷാർജയിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ വെച്ച് ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയിൽ നിന്നും ലഫ്. കേണൽ സാലിം ബിൻ അലി പുരസ്കാരം ഏറ്റുവാങ്ങി. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും നയങ്ങളും മാധ്യമങ്ങളിലൂടെയും ജനങ്ങളിലൂടെയും ഫലപ്രദമായി പങ്കുവെക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും പൊതുമാപ്പ് കാലയളവിലും വീസ–താമസ നിയമങ്ങളെക്കുറിച്ച് പ്രവാസികൾക്കുണ്ടായിരുന്ന ആശങ്കകൾ അകറ്റുന്നതിൽ ലഫ്. കേണൽ സാലിം ബിൻ അലിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സേവനങ്ങൾ ലഭ്യമാകുന്ന വിവിധ വഴികളെക്കുറിച്ചും രേഖകൾ ക്രമപ്പെടുത്തേണ്ട രീതികളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതാണ്.




