ഫെയ്സ് ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം: അമിത അളവിൽ മെർക്കുറി കണ്ടെത്തി

ഓൺലൈൻ വിപണിയിൽ നിന്നും വാങ്ങിയ സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച പതിനേഴുകാരിക്ക് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ ഡോക്ടർമാർ പുതിയൊരു ജീവിതം സമ്മാനിച്ചു. ക്രീമിൽ അടങ്ങിയിരുന്ന അമിതമായ മെർക്കുറിയുടെ സാന്നിധ്യം പെൺകുട്ടിക്ക് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ, കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയതിലൂടെ ഈ അപകടഘട്ടത്തെ മറികടക്കാൻ പെൺകുട്ടിക്ക് സാധിച്ചു. അരീക്കോട് സ്വദേശിയായ ഈ കൗമാരക്കാരി നിലവിൽ നെഫ്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ശരീരമാസകലം നീരും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുമായിട്ടാണ് രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ സമഗ്രമായ വൈദ്യപരിശോധനകളിൽ, രക്തത്തിലും ശരീരകലകളിലും അനുവദനീയമായതിലും അധികം മെർക്കുറി കണ്ടെത്തി. ഇത്രയും അളവിൽ മെർക്കുറി ശരീരത്തിലെത്തിയത് എങ്ങനെയാണെന്ന് നെഫ്രോളജി സീനിയർ സ്പെഷലിസ്റ്റ് ഡോ. എസ്. ഗൗരി നടത്തിയ വിശദമായ അന്വേഷണത്തിലാണ്, പെൺകുട്ടി ഉപയോഗിച്ചുവന്ന ഫെയർനസ് ക്രീമാണ് വില്ലനായതെന്ന് വെളിപ്പെട്ടത്. സംശയമുള്ള ക്രീം കേന്ദ്ര സർക്കാർ അംഗീകൃത ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആശുപത്രി സിഒഒ സി.വി. റോബിൻ, ഡോ. എസ്. ഗൗരി, സിഎംഎസ് ഡോ. സഹീർ കൊയപ്പൊത്തൊടിക എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.




