ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി: 16 വർഷത്തെ പ്രവാസത്തിന് ശേഷം പുതിയ നേട്ടം

ലണ്ടൻ∙ ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിൽ താമസിച്ച് വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുൻ തലവൻ ലളിത് മോദി ബ്രിട്ടിഷ് പൗരത്വം സ്വന്തമാക്കി. ഓക്സ്ഫോർഡ് യൂണിയനിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് താൻ ബ്രിട്ടിഷ് പൗരനായ വിവരം അദ്ദേഹം പരസ്യമാക്കിയത്.
കഴിഞ്ഞ സെപ്റ്റംബർ 15-ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൗരത്വം ലഭിച്ചെന്നും, യുകെയിൽ വച്ച് നടന്ന ആഘോഷവേളയിൽ ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കുചേർന്നെന്നും ലളിത് മോദി തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തി. ഈ നേട്ടം തന്റെ ജീവിതത്തിലെ തികച്ചും അഭിമാനകരമായ നിമിഷമാണെന്നും, അതോടൊപ്പം ഒരു പുതിയ തുടക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ചാൾസ് രാജാവിന്റെ ജന്മദിനത്തിൽ തന്നെ ഇത്തരമൊരു സന്തോഷവാർത്ത ലോകത്തെ അറിയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @LalitKModi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)




