കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണം: ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട്: എട്ടു വയസ്സുകാരൻ ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ ഉത്തരവിനെത്തുടർന്ന് തിരുവമ്പാടി പൊലീസാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. കൃത്യസമയത്ത് വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും രോഗം തിരിച്ചറിയുന്നതിൽ ഡോക്ടർ പരാജയപ്പെട്ടുവെന്നും കാട്ടി കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അത്യാവശ്യമായി വേണ്ട സ്കാനിങ് നടത്താൻ അധികൃതർ തയ്യാറായില്ലെന്നും, മറ്റൊരു കേന്ദ്രത്തിലേക്ക് റഫർ ചെയ്യാൻ പോലും ആശുപത്രി തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ വിഷയത്തിൽ നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മേയ് 15-ന് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇഹ്സാൻ ഷമീറിനെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മതിയായ പരിശോധനകൾ നടത്താതെയാണ് കുട്ടിയെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തത്.
പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയുടെ കരൾ പ്രവർത്തനരഹിതമായതായി കണ്ടെത്തുന്നത്. ബന്ധുവായ അമ്മാവൻ കരൾ പകുത്ത് നൽകിയതിനെത്തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലും, ശേഷം കുട്ടിയുടെ തലച്ചോറിൽ നീർക്കെട്ട് രൂപപ്പെട്ടു. നില അതീവ ഗുരുതരമായ സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ എടുത്തുമാറ്റുകയും, പിന്നാലെ ഹൃദയാഘാതം സംഭവിച്ച് കുട്ടി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ആദ്യത്തെ ആശുപത്രിയിൽ വെച്ച് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കോഴിക്കോട്ടെ ആശുപത്രിയിലെ പരിശോധനയിൽ കരളിന് മഞ്ഞപ്പിത്തത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജനിതക പരിശോധന അടക്കമുള്ളവയുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. കരൾ പ്രവർത്തനരഹിതമായതിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.




